കോട്ടയം: തണലും ഫലവുമേകാന്‍ നാളേയ്ക്കായി അവര്‍ ഭൂമിക്ക് കുടയൊരുക്കുന്നു

Posted By : ktmadmin On 16th December 2014


വെളിയന്നൂര്‍: വരും തലമുറയ്ക്ക് തണലും ഫലവും ഏകാന്‍ ആ കുഞ്ഞു കരങ്ങള്‍ സ്‌കൂള്‍ വളപ്പില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുന്നു. വന്ദേമാതരം സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വെളിയന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുമായി ചേര്‍ന്നാണ് സ്‌കൂള്‍ വളപ്പില്‍ ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തിലെ സഹകരണ പ്രസ്ഥാനം രൂപംകൊടുത്തിട്ടുള്ള 'ആലില' പദ്ധതി പ്രകാരമാണ് സഹകരണ ബാങ്ക് സീഡ് വിദ്യാര്‍ഥികളുമായി കൈകോര്‍ത്തത്. പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടുവളര്‍ത്തുന്നത്.
നാട്ടില്‍ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ദീര്‍ഘകാല ഫലവൃക്ഷത്തൈകള്‍ കുട്ടികള്‍ ആവേശത്തോടെയാണ് നട്ടത്.
പദ്ധതിയുടെ ഉദ്ഘാടനം വൃക്ഷത്തൈകള്‍ നല്‍കിക്കൊണ്ട് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി പുതിയിടം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എന്‍. സുജാത അദ്ധ്യക്ഷത വഹിച്ചു. വെളിയന്നൂര്‍ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ജോസഫ്, ഗ്രാമ പ്പഞ്ചായത്ത് അംഗങ്ങളായ എം.എന്‍. രാമകൃഷ്ണന്‍ നായര്‍, വത്സരാജന്‍, ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ബാങ്ക് വൈസ് പ്രസിഡന്റ് ഷിജി ജോസഫ്, സീഡ് കോഓര്‍ഡിനേറ്റര്‍ എം. ശ്രീകുമാര്‍, ബാങ്ക് സെക്രട്ടറി തെരേസ മാത്യു, അദ്ധ്യാപകരായ പ്രിയ ബാലകൃഷ്ണന്‍, പി.ജി. സുരേന്ദ്രന്‍ നായര്‍, എന്‍. മധുസൂദനന്‍ നായര്‍, എന്‍.പി. അഞ്ജലി, ദീപ എസ്., സീഡ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദ് രാജ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.