കുന്തിപ്പുഴ സംരക്ഷണത്തിന് 'സ്‌നേഹച്ചങ്ങല'

Posted By : pkdadmin On 8th December 2014


 മണ്ണാര്‍ക്കാട്: പുഴസംരക്ഷണത്തിന്റെ സന്ദേശമുയര്‍ത്തി ഭീമനാട് ജി.യു.പി. സ്‌കൂള്‍ കുട്ടിക്കൂട്ടായ്മ പുതിയ കുന്തിപ്പുഴ പാലത്തില്‍ പുഴസംരക്ഷണ മനുഷ്യച്ചങ്ങല തീര്‍ത്തു. ശനിയാഴ്ച മൂന്നോടെയാണ് ഭീമനാട് ജി.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങളും അധ്യാപകരും പി.ടി.എ. അംഗങ്ങളും ജനപ്രതിനിധികളും പരിസ്ഥിതിസ്‌നേഹികളും സംയുക്തമായി പാലത്തിന് മുകളില്‍ സ്‌നേഹച്ചങ്ങല തീര്‍ത്തത്. 
നിത്യഹരിതവനമായ സൈലന്റ്വാലിയില്‍ നിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴ രൂക്ഷമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടര്‍ന്ന് ഭീമനാട് ജി.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ കുന്തിപ്പുഴയിലെ വിവിധ കടവുകള്‍ സന്ദര്‍ശിച്ചും പുഴയുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്തിയും വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്നാണ് കുന്തിപ്പുഴയുടെ സംരക്ഷണം പ്രാദേശികഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഇക്കാര്യത്തില്‍ പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനും വേണ്ടി പാലത്തിന് മുകളില്‍ കുട്ടിക്കൂട്ടായ്മ സ്‌നേഹച്ചങ്ങല തീര്‍ത്തത്. 24 കിലോമീറ്റര്‍ സൈലന്റ്വാലി കാടുകളിലൂടെ ഈ പുഴ ഒഴുകുന്നു. മഴക്കാലത്തുപോലും കുന്തിപ്പുഴവെള്ളം കലങ്ങാറില്ല. കേരളത്തില്‍ വേനല്‍ക്കാലത്തുപോലും നീരൊഴുക്കുള്ള അപൂര്‍വനദികളിലൊന്നാണ് ഇത്.
ഇരുപതിലധികം പഞ്ചായത്തുകളിലെ കുടിവെള്ളപദ്ധതിയുടെ സ്രോതസ്സുകൂടിയാണ് ഈ പുഴ. കുന്തിപ്പുഴയിലെ വെള്ളത്തിന് വരുന്ന കുറവും ജലമലിനീകരണവും ഭീതിദമായ കുടിവെള്ളപ്രശ്‌നമുണ്ടാക്കുമെന്ന് വ്യക്തം. അനിയന്ത്രിതമായി മണല്‍ വാരിയും ഉരുളന്‍കല്ലുകള്‍ കടത്തിക്കൊണ്ടുപോയും തിട്ടുകള്‍ ഇടിച്ചും പുഴയെ നശിപ്പിക്കുന്നു. സ്വകാര്യകൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോയും പുഴയെ ചൂഷണം ചെയ്യുന്നു. പുഴയുടെ ഇരുകരകളും വേലി കെട്ടി ചില സ്വകാര്യവ്യക്തികള്‍ പുഴയോരഭൂമി സ്വന്തമാക്കിയിട്ടുണ്ട്. 
സ്‌നേഹച്ചങ്ങല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കുന്തിപ്പുഴ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. അബ്ദുള്‍ഖാദര്‍, സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം, പഞ്ചായത്തംഗം അച്ചിപ്ര സൈതലവി, പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. സിമി, സീഡ് റിപ്പോര്‍ട്ടര്‍ ആര്‍. കൃപ, സ്‌കൂള്‍ ലീഡര്‍ കെ. നവീന്‍, അഷറഫ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. കുന്തിപ്പുഴയെപ്പറ്റി സീഡംഗങ്ങള്‍ നടത്തിയ പഠനവിവരങ്ങള്‍ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍ പറഞ്ഞു.