'മാതൃഭൂമി' സീഡ് ക്‌ളബ്ബിന്റെ വിജയം
ആദികേശവന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍
ആര്‍. രാജേഷ് എം.എല്‍.എ. സ്വിച്ച്ഓണ്‍ ചെയ്യുന്നു
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി' തളിര് സീഡ് ക്‌ളബ്ബിന്റെ 'കുട്ടിജന സമ്പര്‍ക്ക' പരിപാടിയിലൂടെ രണ്ട് കുട്ടികളുടെ വീടുകളില്‍ വൈദ്യുതിയെത്തി. സ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാര്‍ഥി താമരക്കുളം കരുവിനാല്‍ കോളനിയില്‍ പ്രസന്റ് വില്ലയില്‍ ആദികേശവന്‍, അഞ്ചാംക്‌ളാസ് വിദ്യാര്‍ഥി ചുനക്കര മൈനവിളയില്‍ വൈശാഖ് എന്നിവരുടെ വീടുകള്‍ക്കാണ് സൗജന്യമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചത്.
മാവേലിക്കര താലൂക്കിലെ മുഴുവന്‍ സ്‌കൂളുകളെയും പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചാണ് 'കുട്ടിജന സമ്പര്‍ക്ക പരിപാടി' നടത്തിയത്.
പ്‌ളാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ആദികേശവന്റെ ഒറ്റമുറി വീട്ടില്‍ നട്ടെല്ലിന് അസുഖം ബാധിച്ച് കിടപ്പിലായ അമ്മ സജിതക്കും അച്ഛന്‍ പ്രദീപിനും വൈദ്യുതി എത്തിയത് അനുഗ്രഹമായി.
ആര്‍. രാജേഷ് എം.എല്‍.എ.യാണ് വൈദ്യുതി കണക്ഷന്‍ സ്വിച്ച് ഓണ്‍ ചെയ്തത്. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ് മുഖ്യപ്രഭാഷണം നടത്തി. താമരക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ശിവശങ്കരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ. മുരളി, ഗ്രാമപ്പഞ്ചായത്തംഗം ലീന ശിവന്‍കുട്ടി, ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എ.എന്‍. ശിവപ്രസാദ്, കെ.എസ്.ഇ.ബി. അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.ആര്‍. രാജേഷ്, 'മാതൃഭൂമി' സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, പ്രസന്നന്‍, കെ. മുരളീധരന്‍ നായര്‍, സാം, സുശീല മണിയമ്മ, ഡി. സരസ്വതി, ബിന്ദു കുമാര്‍, സഫീന എന്നിവര്‍ പ്രസംഗിച്ചു.
ആദികേശവന്റേതടക്കം കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടും സാനട്ടറി സൗകര്യങ്ങളും ഇല്ലെന്ന് മനസ്സിലാക്കിയ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അധികാരികള്‍, കുട്ടിജന സമ്പര്‍ക്ക പരിപാടിയില്‍ ഉള്‍പ്പെടുത്തി കുടുംബങ്ങളെ സഹായിക്കാന്‍ പദ്ധതിക്ക് രൂപം നല്കുമെന്ന് അറിയിച്ചു.