മാതൃഭൂമി സീഡ് ക്‌ളബ് മുന്നിട്ടിറങ്ങുന്നു
ചേര്‍ത്തല: മണ്ണും വായുവും ജലവും ശുദ്ധമാക്കാനുള്ള യജ്ഞവുമായി കടക്കരപ്പള്ളിയില്‍ ജനകീയ ഇവേസ്റ്റ്, പ്ലാസ്റ്റിക് ശേഖരണത്തിന് ബുധനാഴ്ച തുടക്കമാകും. കടക്കരപ്പള്ളി യു.പി.ജി. സ്‌കൂളിലെ സീഡ് ക്‌ളബ്, കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജനകീയ മാലിന്യശേഖരണം തുടങ്ങുന്നത്.
പഞ്ചായത്തു തലത്തിലും വാര്‍ഡ് തലങ്ങളിലും കര്‍മസമിതികള്‍ രൂപവത്കരിച്ചാണ് പ്രവര്‍ത്തനങ്ങളെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ആഘോഷ് കുമാര്‍, കടക്കരപ്പള്ളി യു.പി.ജി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്‍.എസ്.മിനി, എച്ച്.എം.സി.ചെയര്‍മാന്‍ ഡോ.പ്രേംകുമാര്‍, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ജലജ ശശി, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ടി.മോളി, ജനറല്‍ കണ്‍വീനര്‍ കെ.അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
വീടുകളില്‍ ഉപയോഗശൂന്യമായ അഴുക്കുപുരളാത്ത പ്ലാസ്റ്റിക്കും ഇവേസ്റ്റും (സി.എഫ്.എല്‍., ട്യൂബുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ബാറ്ററി മുതലായവ) പ്രത്യേകം ശേഖരിച്ച് അതത് വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭൂമി സീഡ് ഇവേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റിയെ ഏല്പിക്കുകയാണ് വേണ്ടത്.
പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ അങ്കണത്തില്‍ 9.30ന് നടക്കുന്ന മണ്ണ്പരിസ്ഥിതി സംരക്ഷണവും പ്രദര്‍ശനവും ജില്ലാസാമൂഹിക വനവത്കരണവിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന സെമിനാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ഗീതാമണി ഉദ്ഘാടനം ചെയ്യും. മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.
രണ്ടിന് നടക്കുന്ന ഇവേസ്റ്റ്, പ്ലാസ്റ്റിക് ശേഖരണം ഉദ്ഘാടനം കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ. വി.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ആഘോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തും. കുട്ടനാട് അന്തര്‍ദേശീയ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി.പദ്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.