വെളിയന്നൂർ: വരും തലമുറയ്ക്ക് തണലും ഫലവും ഏകാൻ ആ കുഞ്ഞു കരങ്ങൾ സ്‌കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്നു. വന്ദേമാതരം സ്‌കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ വെളിയന്നൂർ സർവ്വീസ് സഹകരണ ബാങ്കുമായി ചേർന്നാണ് സ്‌കൂൾ വളപ്പിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന് കേരളത്തിലെ സഹകരണ പ്രസ്ഥാനം രൂപംകൊടുത്തിട്ടുള്ള 'ആലില' പദ്ധതി പ്രകാരമാണ് സഹകരണ ബാങ്ക് സീഡ് വിദ്യാർഥികളുമായി കൈകോർത്തത്. പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളാണ് നട്ടുവളർത്തുന്നത്.
നാട്ടിൽ നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ദീർഘകാല ഫലവൃക്ഷത്തൈകൾ കുട്ടികൾ ആവേശത്തോടെയാണ് നട്ടത്.
പദ്ധതിയുടെ ഉദ്ഘാടനം വൃക്ഷത്തൈകൾ നൽകിക്കൊണ്ട് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി പുതിയിടം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എൻ. സുജാത അദ്ധ്യക്ഷത വഹിച്ചു. വെളിയന്നൂർ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ജോസഫ്, ഗ്രാമ പ്പഞ്ചായത്ത് അംഗങ്ങളായ എം.എൻ. രാമകൃഷ്ണൻ നായർ, വത്സരാജൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബാങ്ക് വൈസ് പ്രസിഡന്റ് ഷിജി ജോസഫ്, സീഡ് കോഓർഡിനേറ്റർ എം. ശ്രീകുമാർ, ബാങ്ക് സെക്രട്ടറി തെരേസ മാത്യു, അദ്ധ്യാപകരായ പ്രിയ ബാലകൃഷ്ണൻ, പി.ജി. സുരേന്ദ്രൻ നായർ, എൻ. മധുസൂദനൻ നായർ, എൻ.പി. അഞ്ജലി, ദീപ എസ്., സീഡ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദ് രാജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.