പത്തനാട്: 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന ആശയം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളിന്റെ മുന്നില്‍ തെളിഞ്ഞത് അവശരായ രോഗികളുടെ മുഖമാണ്. ഭക്ഷണവുമായി എത്തുന്ന വേണ്ടപ്പെട്ടവരെ കാത്തിരിക്കുന്നവര്‍, ഡോക്ടറെ കാണാന്‍ സമയം നോക്കിയിരിക്കുന്നവര്‍. ഇവര്‍ക്ക് ഭക്ഷണം നല്‍കുക. അതൊരു വലിയ ആശ്വാസമാകുന്നു എന്നവര്‍ തിരിച്ചറിയുന്നു. സീഡിന്റെ അംഗങ്ങള്‍ക്കൊപ്പം ഒന്‍പത് എയിലെ മുഴുവന്‍ കുട്ടികളും അണിനിരന്നപ്പോള്‍ അത് അന്നവും തണലും പരിപാടിയായി. ഇടയിരിക്കപ്പുഴ പി.എച്ച്.സി.യിലെ രോഗികള്‍ക്ക് പൊതിച്ചോറും വളപ്പില്‍ ഒരു തണല്‍മരവും. ഇത് നടപ്പാക്കിയത് ശിശുദിനത്തിലും.
കുടുംബകൃഷിയുടെ പ്രാധാന്യം ഐക്യരാഷ്ട്ര സംഘടന വിളിച്ചുപറയുമ്പോള്‍ അന്നം പാഴാക്കരുതെന്നും വിശന്നിരിക്കുന്നവന് അത് ഏറ്റവും വിലപ്പെട്ടതാണെന്നും സീഡ് അംഗങ്ങള്‍ പഠിപ്പിച്ചു. എന്തുകൊണ്ട് ഒരു ദിവസം തങ്ങള്‍ക്കുള്ള പൊതിക്കൊപ്പം ഒരു പൊതികൂടി എത്തിച്ചാല്‍. അത് 9 എയിലെ കുട്ടികളും അതിലെ സീഡ് അംഗങ്ങളും ഒത്തുചേര്‍ന്ന് ആലോചിച്ചു. അവരത് പ്രഥമാധ്യാപിക കെ.പി.ശ്രീകുമാരി, സീഡ് കോഓര്‍ഡിനേറ്റര്‍ എം.ആര്‍.ശ്രീദേവി എന്നിവരുമായി സംസാരിച്ചു. അവര്‍ക്കും അതിനോട് നൂറുവട്ടം യോജിപ്പ്.
അങ്ങനെ ശിശുദിനത്തില്‍ വീടുകളില്‍ 52 ചോറുപൊതികള്‍ കൂടി തയ്യാറായി. അവയുമായി കുട്ടികള്‍ എത്തിയപ്പോള്‍ നെഹ്‌റുവിന്റെ വേഷമിട്ട ഒന്‍പതിലെ സഞ്ചുവും എത്തിയിരുന്നു. മധുരം രോഗികള്‍ക്കും ആസ്പത്രി ജീവനക്കാര്‍ക്കും നല്‍കിയശേഷം കുട്ടികള്‍ പൊതിയുമായി രോഗികള്‍ക്കരികിലേക്ക് ചെന്നു. കുശലം തിരക്കി. ഡോ. ജോസഫ് ആന്റണിയുമായി സംസാരിച്ചു. പിന്നെ വളപ്പില്‍ വേപ്പ് മരം നട്ടു.
അടുത്ത മാസം ഒരു ദിനം വീണ്ടും കുട്ടികള്‍ ഭക്ഷണവുമായി വരും. മുമ്പ് നട്ട വേപ്പിന്റെ ആരോഗ്യവും പരിശോധിക്കും. അന്നവും തണലും ആസ്പത്രിയില്‍ നല്‍കിയത് തുടരുമെന്ന് അധ്യാപിക ശ്രീദേവി പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് രാജു തോമസും പരിപാടിക്ക് നേതൃത്വം നല്‍കി.