ഗോഗ്രീന്‍ അന്താരാഷ്ട്ര പുരസ്‌കാരം 'മാതൃഭൂമി സീഡ്' ഏറ്റുവാങ്ങി

Posted By : admin On 26th November 2014


ബാലി (ഇന്‍ഡൊനീഷ്യ): പാതയോരങ്ങളിലെ മരങ്ങള്‍ സംരക്ഷിക്കാന്‍ മാതൃഭൂമി സീഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. ലോകപത്രസ്ഥാപനങ്ങളുടെ സംഘടനയായ വാന്‍ ഇഫ്രയുടെ ഗോഗ്രീന്‍ വിഭാഗത്തിലെ യങ് റീഡര്‍ പുരസ്‌കാരം ബാലിയില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി.

വെസ്റ്റിന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വേള്‍ഡ് യങ് റീഡര്‍ സമ്മിറ്റ് ആന്‍ഡ് ഐഡിയതോണ്‍ സമ്മേളനത്തില്‍ ജൂറി അംഗങ്ങളായ ഡോ. ജെറാള്‍ഡ് വാന്‍ ഡര്‍ വെയ്ഡന്‍(ബെല്‍ജിയം), ലിന്‍ കാഹില്‍(ഓസ്‌ട്രേലിയ) എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. മാതൃഭൂമി എച്ച്.ആര്‍. ജനറല്‍മാനേജര്‍ ജി.ആനന്ദ്, ചീഫ് ലൈബ്രേറിയന്‍ കെ.കെ. വിനോദ്കുമാര്‍, ബാലപ്രസിദ്ധീകരണങ്ങളുടെ ചീഫ് സബ് എഡിറ്റര്‍ സന്തോഷ് വള്ളിക്കോട് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

മരങ്ങളില്‍ ആണിയടിച്ചും ഇരുമ്പ്കമ്പികള്‍ കെട്ടിയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച ആശയം 'ഫ്രീ ദ ട്രീ' എന്ന പേരില്‍ മാതൃഭൂമി സീഡ് ഏറ്റെടുത്ത് സംസ്ഥാനവ്യാപകമായി നടത്തിയതിനാണ് വാന്‍ ഇഫ്രയുടെ അംഗീകാരം. ഇത്തരം പരിപാടികള്‍ ഏറ്റെടുക്കുന്നതിലൂടെ പത്രങ്ങള്‍, സമൂഹസുരക്ഷകൂടി ഏറ്റെടുക്കുകയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

എസ്.കെ. പൊറ്റെക്കാട് 60 കൊല്ലംമുമ്പ് ബാലി സന്ദര്‍ശിച്ചതിന്റെ ഓര്‍മ പുതുക്കിക്കൊണ്ട് ഫ്രീ ദ ട്രീ കാമ്പയിനെപ്പറ്റി ജി. ആനന്ദിന്റെ വിഷയാവതരണം ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് വന്ന പ്രതിനിധികളുടെ പ്രശംസ പിടിച്ചുപറ്റി. മാതൃഭൂമി സീഡിന് കിട്ടിയ ഈ അംഗീകാരം സീഡ് പ്രവര്‍ത്തകരായ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

യുവതലമുറയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനശീലം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്ന് വേള്‍ഡ് യങ്‌റീഡര്‍ ഉച്ചകോടി ആഹ്വാനം ചെയ്തു. വാന്‍ ഇഫ്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരലിന്‍ മക് മെയ്ന്‍ ആണ് സമ്മേളനത്തിന് നേതൃത്വംനല്കുന്നത്. നാല്പതിലധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ബുധനാഴ്ച സമാപിക്കും.