പുഴയില്‍ തടയണതീര്‍ത്ത് കുട്ടികള്‍

Posted By : pkdadmin On 25th November 2014


 ആനക്കര: മേലെഴിയം പള്ളിപ്പടിയിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ്, എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ പുഴയിലെത്തി തടയണ തീര്‍ത്തു. കുട്ടികള്‍ക്ക് ഭക്ഷണംനല്‍കാന്‍ ആനക്കര മര്‍ക്കെന്റെന്‍ ബാങ്കും പ്രചോദനമേകാന്‍ വി.ടി.ബല്‍റാം എം.എല്‍.എ.യും നിര്‍ദേശങ്ങളും സഹായവുമായി നാട്ടുകാരും ചേര്‍ന്നതോടെ കൃഷിക്ക് വെള്ളംകിട്ടാനുള്ള സാധ്യതയുമൊരുങ്ങി.
കര്‍ഷകരായ കുഞ്ഞേട്ടനും ഹരിഗോപിമാഷും രവീന്ദ്രനാഥും ചേര്‍ന്നാണ് തുറയാറ്റിന്‍കുന്ന് ഭാഗത്ത് മണല്‍ച്ചാക്കുകൊണ്ട് തടയണതീര്‍ക്കാമെന്ന ആശയം കുട്ടികള്‍ക്ക് കൈമാറിയത്. 
ആനക്കര ഹയര്‍സെക്കന്‍ഡറിയിലെ നൂറുകുട്ടികള്‍ അധ്യാപകരുടെ സഹായത്തോടെ കടകളില്‍നിന്നും ചാക്ക് ശേഖരിച്ചു. ശനിയാഴ്ച ഒമ്പതുമണിയോടെതന്നെ കര്‍ഷകരുടെ നേതൃത്വത്തില്‍ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് വെള്ളത്തിന്റെ ഗതി തിരിച്ചുവിട്ട. പി.എം.മധുവിന്റെ നേതൃത്വത്തില്‍ ഗഫൂര്‍, ഷെഫീഖ്, ഷാഫി തുടങ്ങിയ യുവാക്കള്‍ പുഴയില്‍ ചാലുകീറി വെള്ളം പുഴയോരത്തേക്ക് തിരിച്ചുവിട്ടു. ഇതോടെ പുഴവെള്ളം ഇനി വെറുതെ ഒഴുകിപ്പാഴാകാതെ തുറയാറ്റിന്‍കുന്ന് ജലപദ്ധതിയുടെ കിണറുകളിലേക്ക് നീരൊഴുക്ക് കൂട്ടും. അഞ്ഞൂറോളം വലിയചാക്കുകള്‍ കുട്ടികള്‍ തടയണതീര്‍ക്കാന്‍ ഉപയോഗിച്ചു. ഭക്ഷണാവശ്യത്തിനുള്ള പണം ബാങ്ക് പ്രസിഡന്റ് പി.എം.അസീസ് സ്‌കൂളധ്യാപകര്‍ക്ക് കൈമാറി. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് എം.പി.സതീഷ്, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.സുരേഷ്ബാബു, വിചിത്ര, പ്രഭിത എന്നിവരും നേതൃത്വം നല്‍കി.