കണ്ണൂര്‍: വിഷമില്ലാത്ത പച്ചക്കറി വിളയിക്കാന് ജില്ലയിലെ വിദ്യാര്ഥികള് ഇനി സ്വന്തം വീട്ടുവളപ്പില് വിത്തിറക്കും. ഈ വേനല്ക്കാലം പഠനത്തിനൊപ്പം വീട്ടുവളപ്പില് പച്ചക്കറിയും നട്ടുവളര്ത്തുമെന്ന പ്രതിജ്ഞയോടെ രണ്ടുകൈകളുംനീട്ടി വിദ്യാര്ഥികള് വിത്ത് ഏറ്റുവാങ്ങി. മാതൃഭൂമി സീഡ് സംസ്ഥാന കൃഷിവകുപ്പുമായിച്ചേര്ന്ന് ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന പച്ചക്കറിവിത്തുവിതരണപദ്ധതി വെള്ളിയാഴ്ച ജില്ലയില് തുടങ്ങി. പച്ചക്കറിവിത്ത് വിതരണത്തിന്റെ കണ്ണൂര്‍ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
പച്ചക്കറിവിത്തുകള്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ കെ.സി.ധനരാജന്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. വിഷവിമുക്തമായ ജൈവപച്ചക്കറികള്‍ നമ്മള്‍ സ്വയമേ ഉത്പാദിപ്പിക്കാനുള്ള പ്രചോദനമാണ് ഇത്തരം മഹത്തായ സംരംഭങ്ങള്‍ക്കെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഡോ. വി.എ.അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. 'മാതൃഭൂമി' കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ഡി.സുരേന്ദ്രമോഹന്‍, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അഷറഫ് എന്നിവര്‍ സംസാരിച്ചു.
വി.പി.നദീറ സ്വാഗതവും സീഡ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ജിനല്‍കുമാര്‍ നന്ദിയും പറഞ്ഞു.