കലോത്സവവേദിയെ മാലിന്യമുക്തമാക്കാന്‍ സീഡ് പോലീസ്

Posted By : knradmin On 24th November 2014


 

 
ഇരിട്ടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം മാതൃകയായി.
 ഇരിട്ടി ഹൈസ്‌കൂളില്‍ നടക്കുന്ന മേളയില്‍ 11 വേദിയിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പതിച്ചാണ് സീഡ് പോലീസ് പരിസ്ഥിതി സംരക്ഷണത്തിന്റെ വാഹകരായത്.
 മേളയില്‍ പ്ലാസ്റ്റിക് സഞ്ചികളും മറ്റും ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കുന്ന പ്രവര്‍ത്തനവും വിദ്യാര്‍ഥികള്‍ നടത്തുന്നുണ്ട്. സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ബാബുവിന്റെ നേതൃത്വത്തില്‍ 30 സീഡ് അംഗങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പത്ത് പേരടങ്ങുന്ന മൂന്ന് സ്‌ക്വാഡുകളാക്കിയാണ് സീഡ് പോലീസിന്റെ മാലിന്യശേഖരണം. 
രാവിലെ എട്ടിന് തുടങ്ങുന്ന പ്രവര്‍ത്തനം വൈകിട്ട് അഞ്ചുവരെ നീളുന്നു.
 20 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളും അടങ്ങുന്ന സ്‌ക്വാഡിന് അഞ്ജലി ജോഷി, കെ.പി.അനശ്വര, അശ്വന്ത് എന്നിവരാണ് നേതൃത്വം നല്കുന്നത്. 
സ്‌കൂള്‍ പ്രഥമാധ്യാപിക എന്‍.പ്രീതയുടെ പിന്‍തുണയും കുട്ടികളുടെ മാതൃകാ പ്രവര്‍ത്തനത്തിന് പ്രചോദനമാകുന്നു.