ആഗോളതാപനം ആണവ ഭീഷണിയെക്കാള്‍ തീവ്രം-ഡോ. സൈനുദ്ദീന്‍ പട്ടാഴി

Posted By : klmadmin On 30th July 2013


 താമരക്കുടി: ആഗോളതാപനം ആണവഭീഷണിയെക്കാള്‍ തീവ്രമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സൈനുദ്ദീന്‍ പട്ടാഴി അഭിപ്രായപ്പെട്ടു.
താപനത്തിന്റെ തിക്തഫലങ്ങള്‍ നേരിടുന്ന 27 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നും നിയന്ത്രണമാര്‍ഗങ്ങള്‍ ഫലവത്തായില്ലെങ്കില്‍ കൊച്ചി, കുട്ടനാട് പോലുള്ള സ്ഥലങ്ങള്‍ അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാനേജര്‍ ജി.ഉണ്ണിക്കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. മാതൃഭൂമി സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ ആര്‍.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് പി.എം.അനില്‍, സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ കെ.വി.ശ്രീകുമാര്‍, കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സന്ദീപ്, പ്രഥമാധ്യാപിക കുമാരി ശ്യാമള, സ്റ്റാഫ് സെക്രട്ടറി വി.ശ്രീലേഖ, മഹേഷ് ആചാരി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.ജി.അശോക്കുമാര്‍ സ്വാഗതവും ജി.മുരളി നന്ദിയും പറഞ്ഞു.
ജെം ഓഫ് സീഡ് പുരസ്‌കാരം നേടിയ എ.അനീഷിനെയും ഉപരിപഠനത്തിന് പി.ജി.സ്റ്റഡിസെന്ററിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച അശ്വതിയേയും അനുമോദിച്ചു. മികച്ചവിജയം നേടിയ വിദ്യാര്‍ഥികളായ വിഷ്ണുപ്രസാദ്, റോണ്‍സി മാത്യു, എം.ജി.ഗോപിക എന്നിവര്‍ക്ക് പി.ടി.എ.യുടെ ഉപഹാരങ്ങളും വിതരണം ചെയ്തു.