മൊഗ്രാല്പുത്തൂര്: ശിശുദിനത്തില് തീരശുചീകരണം നടത്തി വിദ്യാര്ഥികള്. മൊഗ്രാല് ഹയര് സെക്കൻഡറി സ്‌കൂള് സീഡ് ക്ലബ്ബംഗങ്ങളാണ് വീടും പൊതുസ്ഥലങ്ങളും കടല്ത്തീരവും ശുചീകരിച്ചത്.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയാങ്കണത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകവിഞ്ഞ മൊഗ്രാല് കാവിലഴിക്കടുത്തെ കടലോരമാണ് വൃത്തിയാക്കിയത്. മൂന്നര കിലോമീറ്റര് നീണ്ടുകിടക്കുന്ന കടലോരം ഒലീവ് റിഡ്‌ലി എന്ന കടലാമകളുടെ പ്രജനനകേന്ദ്രമാണ്. തീരവാസികളും സഞ്ചാരികളും വന്തോതില് പ്ലാസ്റ്റിക് തള്ളാനുള്ള കേന്ദ്രമാക്കി കടലിനെ മാറ്റിയതിനാല് മുട്ടയിടാനെത്തുന്ന ആമകള് പ്ലാസ്റ്റിക്കുകള് ഭക്ഷിച്ച് ചത്തൊടുങ്ങുന്നത് ദയനീയ കാഴ്ചയാണ്.
മത്സ്യബന്ധനത്തിനിടെ കീറിനശിക്കുന്ന വലകള് കടലില്ത്തന്നെ വലിച്ചെറിഞ്ഞ് ഇവയില് കടലാമകള് കുരുങ്ങി ചത്തൊടുങ്ങുന്നതും പതിവാണ്. ഇത്തരം വലകളും കുട്ടികൾ ശേഖരിച്ചു. വനംവകുപ്പ് തയ്യാറാക്കിയ 'കനിവുതേടുന്ന കടലാമകള്' എന്ന ഡോക്യുമെന്ററി സ്‌കൂളില് പ്രദര്ശിപ്പിച്ചു.
മുപ്പതോളം കുട്ടികൾ ശുചീകരണത്തിൽ പങ്കാളികളായി. സി.എച്ച്.നവീന്കുമാര്, എ.വി.രജനി, പി.കെ.സരോജിനി, സി.ശ്രീജ, സീഡ് കോ ഓഡിനേറ്റര് പി.വേണുഗോപാലന് എന്നിവര് സംസാരിച്ചു.