ലക്കിടി: ലക്കിടിപേരൂര്‍ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ പേരൂര്‍ പേരക്കുളവും അടങ്ങല്‍ കുളവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പേരൂര്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ് നിവേദനം നല്‍കി. ലക്കിടിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷൗക്കത്തലിക്കാണ് സീഡ് പ്രവര്‍ത്തകരായ ദേവിക, നന്ദന, അഫ്‌നാസ് എന്നിവര്‍ നിവേദനം നല്‍കിയത്. നിവേദനം വായിച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് കെ. സുധ, പഞ്ചായത്തംഗം സി.കെ. സുബൈദ എന്നിവരുടെ സാന്നിധ്യത്തില്‍ ജലാശയസംരക്ഷണത്തിന് തുക വിലയിരുത്തുമെന്ന് ഉറപ്പു നല്‍കി.
നാല് ലക്ഷം വീതമാണ് രണ്ട് കുളങ്ങളുടെയും നവീകരണത്തിനായി നീക്കിവെക്കുന്നത്. പേരൂര്‍ ദേശക്കമ്മിറ്റിയും സീഡ് ക്ലബ്ബും പേരക്കുളത്തില് ചണ്ടിവാരല്‍ നടത്തിയിരുന്നു. പ്രധാനാധ്യാപിക സി.ജി. ശോഭ, സീഡ് കോഓര്‍ഡിനേറ്റര്‍ ടി. മുജീബ്, പി.ടി.എ. പ്രസിഡന്റ് യു.പി. രവി, സ്‌കൂള്‍ വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ. ശ്രീനി, യു. വാഹിദ, പി. രാജേന്ദ്രന്‍, പി. സജിത് എന്നിവരും നിവേദനം നല്‍കിയ സംഘത്തിലുണ്ടായിരുന്നു.