ഓച്ചിറ ഞക്കനാല്‍ എസ്.പി.എം.യു.പി.എസ്. (ആലക്കോട്ട്) സ്‌കൂളിലെ സീഡ് കൂട്ടായ്മ ചങ്ങന്‍കുളങ്ങര സായീശം വൃദ്ധസദനം സന്ദര്‍ശിച്ചപ്പോള്‍
ഓച്ചിറ: ഞക്കനാല്‍ എസ്.പി.എം. യു.പി.സ്‌കൂളിലെ സീഡ് സംഘം ചങ്ങന്‍കുളങ്ങര സായീശം വൃദ്ധസദനം സന്ദര്‍ശിച്ചു. അശരണര്‍ക്ക് ആശ്രയമരുളുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കനിവ് പദ്ധതിയുടെ ഭാഗമായിട്ടാണ് അധ്യാപകര്‍ക്കൊപ്പം സംഘം വൃദ്ധസദനത്തിലെത്തിയത്. ഓച്ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഉഷാകുമാരിയും സീഡ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. വൃദ്ധസദനത്തിലെ അന്തേവാസികളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കുട്ടികള്‍ അവര്‍തന്നെ സമാഹരിച്ച തുക ചെലവഴിച്ച് വൃദ്ധസദനത്തിലേക്കായി വാങ്ങിയ ഫാന്‍, കസേര തുടങ്ങിയ സാധനങ്ങള്‍ വൃദ്ധസദനത്തിന് കൈമാറി. അന്തേവാസികള്‍ക്കായി കുട്ടികള്‍ പാട്ടുപാടുകയും കഥ പറയുകയും ചെയ്തു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന പ്രശസ്ത കാഥിക തൊടിയൂര്‍ വസന്തകുമാരി പദ്യശകലങ്ങളും കവിതകളും മഹദ്വചനങ്ങളും ഇടകലര്‍ത്തി നടത്തിയ പ്രഭാഷണം കുട്ടികള്‍ക്കും അന്തേവാസികള്‍ക്കും പുതിയ അനുഭവമായി. വൃദ്ധമാതാപിതാക്കളെ നടതള്ളുന്നവരുടെ ലോകം ദിനംപ്രതി വലുതായികൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുളള കൂട്ടായ്മകളുമായി കുട്ടികള്‍ മുന്നോട്ടു വരുന്നത് ആശ്വാസജനകമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഉഷാകുമാരി പറഞ്ഞു. സ്‌കൂളിലെ പ്രഥമാധ്യാപിക ജയശ്രീ, പി.ടി.ഐ. പ്രസിഡന്റ് അജികുമാര്‍, കവി വരവിള ശ്രീനി, സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. അന്തേവാസികള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങിയത്. കഴിഞ്ഞമാസം വൃക്കരോഗബാധിതനായ ഞക്കനാല്‍ സ്വദേശിക്ക് ചികിത്സാധനസഹായം ശേഖരിച്ചുനല്‍കി ഈ സീഡ് സംഘം പൊതുജനശ്രദ്ധ നേടിയിരുന്നു.