പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് കുട്ടികള്‍ 50 സെന്റ് സ്ഥലത്ത് നെല്‍ക്കൃഷി ആരംഭിച്ചു. നാര്‍ക്കല്‍ തോറണ പരിസരത്തെ വയലിലാണ് തെക്കെക്കണ്ടം പാടശേഖരസമിതിയുടെ സഹായത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയും കുട്ടികള്‍ തങ്ങളുടെ നെല്‍പ്പാടം ഒരുക്കുന്നത്. കുട്ടികളുടെ ഞാറുനടീല്‍ ഉത്സവം 75കാരിയായ പള്ളിയത്ത് കുമ്പ ഉദ്ഘാടനം ചെയ്തു. ഞാറ്റടിയുടെ വളര്‍ച്ചയും നാടിന്റെ വളര്‍ച്ചയും ഒന്നാണെന്നുകാട്ടുന്ന മനോഹരമായ നാടന്‍പാട്ട് പാടിക്കൊണ്ടാണ് അവര്‍ കുട്ടികള്‍ക്കൊപ്പം ഞാറുനട്ടത്.
നെല്‍ച്ചെടികളുടെ തുടര്‍പരിപാലനം പാടശേഖരസമിതിയുടെ സഹായത്തോടെ കുട്ടികള്‍തന്നെ നിര്‍വഹിക്കും. ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുക. ചടങ്ങില്‍ പാടശേഖരസമിതി പ്രസിഡന്റ് കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ജില്ലാ കൃഷി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.വി.രാജീവന്‍, കെ.സി.പുഷ്പ, എം.വി.സുനില്‍കുമാര്‍, കെ.സുലോചന, സി.ലക്ഷ്മണന്‍, സി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.വിജയന്‍ സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.