പ്രകൃതിക്ക് തണലൊരുക്കി കുട്ടിക്കൂട്ടം; മാതൃഭൂമി സീഡ് അഞ്ചാംവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Posted By : admin On 14th June 2013


കല്പറ്റ: പുതുതലമുറയുടെ സഹകരണത്തോടെ പ്രകൃതിക്ക് ഹരിതകവചമൊരുക്കുക എന്ന ലക്ഷ്യവുമായി മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതി വിജയകരമായി അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. സംസ്ഥാന വ്യാപകമായി യു.പി. മുതല്‍ ഹയര്‍ സെക്കന്‍ഡറി തലംവരെ നടപ്പാക്കുന്ന പദ്ധതിയുടെ ഈ വര്‍ഷത്തെ ജില്ലാതല ഉദ്ഘാടനം എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ് പി. തോമസ് നിര്‍വഹിച്ചു. ഭാവി വാഗ്ദാനങ്ങളായ കുട്ടികള്‍ക്ക് പരിസ്ഥിതി അവബോധം പകര്‍ന്ന് വളര്‍ത്തി വലുതാക്കുന്നതില്‍ 'മാതൃഭൂമി' വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വയനാടിനെ നാം കാണേണ്ടത് സംരക്ഷിത മേഖലയായിട്ടാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വന്യജീവി സാന്ദ്രതയുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. 344 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള സങ്കേതത്തില്‍ 77 കടുവകളുണ്ടെന്നത് ഇതിന് തെളിവാണ്. ഇവര്‍ക്ക് ആഹാരമാക്കാന്‍ വേണ്ടത്ര ജീവികളും ഇവിടെയുണ്ടെന്ന് വ്യക്തം. പരിസ്ഥിതി സ്‌നേഹികളായ കുറെപേര്‍ ഉള്ളതുകൊണ്ടാണ് ഇവിടത്തെ വനവും വന്യജീവിസമ്പത്തും കാത്തുരക്ഷിക്കാന്‍ കഴിയുന്നത്. കാടിനെയും വന്യജീവികളെയും സ്‌നേഹിക്കുന്ന തലമുറയെ ഇനിയും വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട്ടിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പരിസ്ഥിതി ക്ലബുകള്‍ രൂപവത്കരിക്കേണ്ടതുണ്ടെന്ന് വൃക്ഷത്തൈ വിതരണം നിര്‍വഹിച്ച ഡി.ഡി.ഇ. എന്‍.ഐ. തങ്കമണി പറഞ്ഞു. മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ടി.വി. രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഫെഡറല്‍ ബാങ്ക് കല്പറ്റ ശാഖ സീനിയര്‍ മാനേജര്‍ ബി.ആര്‍. ലോറന്‍സ് സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ കൗണ്‍സിലര്‍ കെ. പ്രകാശന്‍, കൃഷി ഓഫീസര്‍ രാജി വര്‍ഗീസ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കെ.ടി. ബാബു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. സുധാറാണി സ്വാഗതവും പി.ഡി. അനീഷ് നന്ദിയും പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ മിതമായി ഉപയോഗിക്കാനും പാഴാക്കാതിരിക്കാനുമുള്ള പ്രതിജ്ഞയെടുത്തും വൃക്ഷത്തൈ നട്ടുമാണ് സീഡ് അഞ്ചാംവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുക, ജലം സംരക്ഷിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ വര്‍ഷം മുന്‍ഗണന. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.