വിദ്യാലയ പച്ചക്കറിത്തോട്ടവുമായി തേവര്‍വട്ടം സ്‌കൂള്‍

Posted By : Seed SPOC, Alappuzha On 14th November 2014


 പൂച്ചാക്കല്‍: തേവര്‍വട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാലയ പച്ചക്കറിത്തോട്ടം പദ്ധതിയുമായി മുന്നോട്ട്. മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേര്‍ന്ന് അമൃതം കാര്‍ഷിക ക്ലബ്ബാണ് പച്ചക്കറിത്തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം ഈ സ്‌കൂളിലെ കൃഷിത്തോട്ടത്തില്‍ വാഴ, വെണ്ട, പാവല്‍, വഴുതന, പടവലം തുടങ്ങിയവ നിറഞ്ഞുനിന്നിരുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മേഖലയിലെ മികച്ച പച്ചക്കറിത്തോട്ടങ്ങളില്‍ ഒന്നായി ഇത് മാറിയിട്ടുണ്ട്. ജൈവകൃഷി രീതിയില്‍ നടത്തുന്ന തോട്ടത്തില്‍നിന്നുള്ള പച്ചക്കറികള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. ഈ വര്‍ഷം കുറച്ചുകൂടി മികച്ച രീതിയില്‍ പച്ചക്കറിക്കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും കുട്ടികളും. ഹരിതമിത്ര അവാര്‍ഡ് ജേതാവ് സി. ഹരിഹരന്‍ പച്ചക്കറിത്തൈ നട്ട് ഈ വര്‍ഷത്തെ പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. പി.ടി.എ. പ്രസിഡന്റ് എസ്. നാസര്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് സൈജു, ഹക്കിം പാണാവള്ളി, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.ആര്‍. രജിതകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.കെ. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മികച്ച കുട്ടിക്കര്‍ഷകരായ വിഷ്ണു എസ്., സജീവന്‍, ദേവാനന്ദദാസ് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.