വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബ്ബ് കൂണ്‍കൃഷി തുടങ്ങി. സീഡ് ക്‌ളബ്ബിലെ രണ്ടാംവര്‍ഷ അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥികളാണ് കൃഷി നടത്തുന്നത്. തിരുവനന്തപുരം സ്വാദിഷ്ട മഷ്‌റൂംസില്‍നിന്ന് കൂണ്‍വിത്തും അനുബന്ധ സാമഗ്രികളും വിലയ്ക്ക് വാങ്ങിയാണ് കൃഷി നടത്തുന്നത്. ക്‌ളാസ് മുറിയോട് ചേര്‍ന്ന പ്രത്യേകം സജ്ജമാക്കിയ ഒരു മുറിയിലാണ് കൂണ്‍കൃഷി ചെയ്യുന്നത്.
ഓരോ തവണയും മുപ്പത് ബഡുകള്‍ തയ്യാറാക്കിയാണ് കൃഷി നടത്തുന്നത്. ഒരു ബഡില്‍നിന്ന് 600 ഗ്രാം ക്രമത്തില്‍ മുപ്പത് ബഡുകളില്‍ നിന്നായി ശരാശരി പതിനെട്ട് കിലോഗ്രാം കൂണ്‍ ലഭിക്കുന്നുണ്ട്. കിലോഗ്രാമിന് മുന്നൂറ് രൂപയ്ക്കാണ് കൂണ്‍ വില്‍ക്കുന്നത്. ആവശ്യക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൂടാതെ സമീപപ്രദേശങ്ങളിലെ ആളുകള്‍ക്കും ഇവിടെനിന്ന് കൂണ്‍ വിലയ്ക്ക് നല്കുന്നുണ്ട്. 1138 രൂപ ചെലവഴിച്ച് കൃഷി ചെയ്തപ്പോള്‍ അയ്യായിരം രൂപയുടെ കൂണ്‍ വില്പനയ്ക്കായി ലഭിച്ചതായി അവര്‍ പറയുന്നു. പ്രിന്‍സിപ്പല്‍ പി.എസ്. സിദ്ധ, സീഡ് കോഓര്‍ഡിനേറ്റര്‍ സോമ എം.ജോയി അധ്യാപകരായ എസ്. അഭില, സി.ജി. വിനോദ് എന്നിവരാണ് കൃഷിക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ക്‌ളബ്ബ് അംഗങ്ങള്‍ക്ക് നല്‍കുന്നത്.