കോട്ടയം: കാരണവന്മാരുടെ അനുഗ്രഹംതേടി മൂലവട്ടം അമൃതവിദ്യാലയത്തില്‍ മുത്തച്ഛന്‍മുത്തശ്ശി സംഗമം. സ്‌കൂളിലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന സംഗമം ബിജു മാത്യു ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം പി.ആര്‍.പുതുമന മുഖ്യപ്രഭാഷണം നടത്തി. പ്രായമായവര്‍ക്ക് ആശ്വാസം പകരാന്‍ ആരംഭിച്ച 'അരികിലുണ്ട് ഈ അമൃതകരങ്ങള്‍' എന്ന സ്‌നേഹസാന്ത്വന പരിചരണ പരിപാടി എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
അധ്യാപകന്‍ രാജേഷ് കെ.പുതുമന രചിച്ച് അധ്യാപിക ശ്രീകല ഈണംപകര്‍ന്ന 'വന്ദനമേകട്ടെ ഞങ്ങള്‍ മനസ്സിന്റെനന്മയില്‍ ദീര്‍ഘംനടന്നവരെ' എന്നുതുടങ്ങുന്ന വന്ദനഗീതം കുട്ടികള്‍ ആലപിച്ചതോടെയാണ് പരിപാടി തുടങ്ങിയത്. സംഗമത്തില്‍ പങ്കെടുത്തവര്‍ നാടന്‍ പാട്ട്, നൃത്തം, കുറത്തിപ്പാട്ട്, കവിത തുടങ്ങി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.തീര്‍ത്തുംഅനാഥരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാസത്തിലൊരിക്കല്‍ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാന്ത്വന പരിപാടി ആരംഭിച്ചിരിക്കുന്നത്.