മഞ്ഞപ്ര: മികച്ച ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തിലെ ഒന്നാം സ്ഥാനത്തിന്റെ നിറവിലാണ് മഞ്ഞപ്ര പി.കെ. ഹൈസ്‌കൂള്‍.
സ്‌കൂള്‍ സയന്‍സ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, മാതൃഭൂമി ഭൂമിക സീഡ് ക്ലബ്ബ് എന്നിവ ചേര്‍ന്ന് നടത്തിയ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് എനര്‍ജി മാനേജ്‌മെന്റ് സെക്ടറിന്റെ (ഇ.എം.സി.) സംസ്ഥാനതല പുരസ്‌കാരത്തിന് ഇവരെ അര്‍ഹരാക്കിയത്.
ഊര്‍ജത്തെ ഒട്ടും പാഴാക്കാതെ പ്രയോജനപ്പെടുത്തുന്ന സംരക്ഷണത്തിന്റെ മാതൃകയായിരിക്കുകയാണ് വിദ്യാര്‍ഥികള്‍. ഊര്‍ജസംരക്ഷണമെന്ന വാക്കില്‍നിന്ന് പ്രവര്‍ത്തനത്തിലേക്കുള്ള ഇവരുടെ ദൂരം വളരെ കുറവായിരുന്നു.
കുട്ടികള്‍ ആദ്യം അവരവരുടെ വീടുകളിലെ വൈദ്യുതോപയോഗം കുറച്ചുകൊണ്ടായിരുന്നു തുടക്കം. അത് ഫലം കണ്ടതോടെ ആ പ്രവര്‍ത്തനം നാടുമുഴുവന്‍ വ്യാപിപ്പിച്ചു. വിവരങ്ങള്‍ കെ.എസ്.ഇ.ബി.ക്ക് കൈമാറുകയും ചെയ്തു.
എനര്‍ജി മാനേജ്‌മെന്റ് സെക്ടറിന്റെ 2012ലെ സംസ്ഥാനതല പ്രോജക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെ മഞ്ഞപ്ര പി.കെ. ഹൈസ്‌കൂള്‍ 'എനര്‍ജി സ്മാര്‍ട്ട് സ്‌കൂള്‍' പദവിയിലേക്ക് ഉയര്‍ന്നു. അന്ന് മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമാണ് അവാര്‍ഡ് വിതരണം ചെയ്തത്.
2012-ല്‍ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാരണാസിയില്‍ നടന്ന ദേശീയ ബാല ശാസ്ത്രകോണ്‍ഗ്രസ്സിലും മഞ്ഞപ്ര പി.കെ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
'കണ്ണമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ ഊര്‍ജോപയോഗവും സംരക്ഷണവും-ഒരു സമഗ്രപഠനം' എന്ന പ്രോജക്ടായിരുന്നു വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. 200 വീടുകളില്‍ സര്‍വേ നടത്തി ഊര്‍ജോപയോഗം കണ്ടെത്തിയിരുന്നു. അമിത ഊര്‍ജോപയോഗത്തിന് പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിച്ചു.
അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കാനായി, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ശീതീകരിച്ച് ഭൂമിക്കടിയിലേക്ക് ആഴ്ത്തിയിറക്കി ഫോസിലുകളാക്കുന്ന നിശ്ചലമാതൃകയും ഈ വിദ്യാര്‍ഥിക്കൂട്ടായ്മയില്‍ തെളിഞ്ഞിരുന്നു.
കണ്ണമ്പ്ര പ്രദേശത്തെ സൗരോര്‍ജത്തിന്റെ അളവ് കണ്ടെത്തി ഏതെല്ലാം രീതിയില്‍ ഉപയോഗിക്കാമെന്നും മാതൃകയുണ്ടാക്കി പ്രദര്‍ശിപ്പിച്ചു.
ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. വിറകിന്റെ ഉപയോഗം കുറയ്ക്കുകയും മാലിന്യസംരക്ഷണത്തോടൊപ്പം ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും ചെയ്തു. ബയോഗ്യാസില്‍നിന്നുള്ള ജൈവവളം സ്‌കൂളിലെ പച്ചക്കറിക്കൃഷിക്കും ഉപയോഗപ്പെടുത്തുന്നു.
ജലസംരക്ഷണത്തിന് മഴവെള്ളസംഭരണിയും സ്‌കൂള്‍മുറ്റത്ത് ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ വൈദ്യുതോപയോഗം കുറയ്ക്കുന്നതിനായി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണിവര്‍.
പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബുകളുടെ കോ-ഓര്‍ഡിനേറ്റര്‍ എ.സി. നിര്‍മലയാണ് മേല്‍നോട്ടം വഹിക്കുന്നത്.
സ്‌കൂള്‍ മാനേജര്‍ കെ. ഉദയകുമാര്‍, സ്‌കൂള്‍ അധികൃതര്‍, പി.ടി.എ., വിദ്യാര്‍ഥികള്‍ എന്നിവരുടെ കൂട്ടായ്മയിലാണ് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നത്.
എനര്‍ജി മാനേജ്‌മെന്റ് സെക്ടറിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വൈദ്യുതിവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദില്‍നിന്ന് എ.സി. നിര്‍മല, സീഡ് ഭാരവാഹികളായ പി. വീണ വര്‍മ, പി. സ്‌നേഹ എന്നിവര്‍ ചേര്‍ന്ന് ഊര്‍ജസംരക്ഷണ അവാര്‍ഡ് ഏറ്റുവാങ്ങി.