പാലക്കാട്: സംസ്ഥാന ഔഷധസസ്യബോര്‍ഡ് നടപ്പാക്കുന്ന 'വീട്ടിലൊരു ഔഷധത്തോട്ടം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ നടന്നു. ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം (ഇസാഫ്) മാതൃഭൂമി സീഡുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുത്ത 25 കുട്ടികളുടെ വീടുകളില്‍ ഔഷധച്ചെടികള്‍ നട്ടുവളര്‍ത്തുന്നതാണ് പരിപാടി.
കൂവളം, ശതാവരി, ആര്യവേപ്പ്, അശോകം, വയമ്പ്, രാമച്ചം, ശംഖുപുഷ്പം, നീല അമരി, കറ്റാര്‍വാഴ, ആടലോടകം തുടങ്ങിയ ഔഷധച്ചെടികളാണ് വിതരണം ചെയ്തത്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് 'ഇസാഫ്' ഡയറക്ടര്‍ ജേക്കബ് സാമുവല്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍സെക്രട്ടറി ഗംഗാധരന്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീപ്രിയ, മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുക്കാട്, സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ്, ഇസാഫ് പ്രതിനിധികളായ ബെഞ്ചമിന്‍ ജോസഫ്, രാധാകൃഷ്ണന്‍ എ., സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലില്ലിക്കുട്ടി എസ്.ആര്‍., നന്ദന പി., ജെന്നിഫര്‍ തെരേസ എന്നിവര്‍ സംസാരിച്ചു.