മണ്ണാര്‍ക്കാട്: അമ്മയെക്കുറിച്ചുള്ള റിസ്വാനയുടെ പാട്ടുകേട്ടപ്പോള്‍ കണ്ണുനനഞ്ഞ വീരമ്മ. ഒരു ആദിവാസിപ്പാട്ട് പാടണമെന്ന കുട്ടികളുടെ നിര്‍ബന്ധത്തിന് മറുപടിയായി പറഞ്ഞു. 'മക്ക ഇട്ടേച്ചുപോയ എനക്ക് ഒരുപാട്ടുമറിയില്ല മക്കളേ....'
അഗളി കാരുണ്യാശ്രമത്തിലെ അമ്മമാരോടും അച്ഛന്മാരോടും ഒപ്പം ഒരുദിവസം ചെലവഴിക്കാനെത്തിയ തെങ്കര ഹൈസ്‌കൂളിലെ സീഡ് ക്ലബ് , ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ഥികളോടാണ് വീരമ്മ മനസ്സുതുറന്നത്.
അനുഭവങ്ങള്‍പങ്കിട്ട മുത്തശ്ശിമാരോടും മുത്തശ്ശന്മാരോടുമൊപ്പം പാട്ടുപാടി സമയം ചെലവിട്ട വിദ്യാര്‍ഥികള്‍ ആശ്രമപരിസരത്തെ കാട് വെട്ടിത്തെളിച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
സ്‌നേഹസമ്മാനം നല്‍കി തങ്ങളുടെ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്കയക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് മടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ വീണ്ടും വരാമെന്ന് അമ്മമാര്‍ക്ക് ഉറപ്പും കൊടുത്തു. പ്രധാനാധ്യാപിക അജിത, ജെ.ആര്‍.സി. കണ്‍വീനര്‍ സബീന, കെ.സി. സുരേഷ്, എ. മോഹനന്‍, സന്തോഷ്‌കുമാര്‍, കദീജ എന്നീ അധ്യാപകര്‍ കുട്ടികളെ നയിച്ചു.