പിലിക്കോടിനും പൊതാവൂരിനും വീണ്ടും പുരസ്‌കാരം
ചെറുവത്തൂര്‍: ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തിയ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ നടപ്പാക്കിയതിന് സീഡ് വിദ്യാലയങ്ങളായ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പൊതാവൂര്‍ എ.യു.പി. സ്‌കൂളും സംസ്ഥാനതലത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കേരള സ്റ്റേറ്റ് സ്റ്റുഡന്റ്‌സ് എനര്‍ജി കോണ്‍ഗ്രസ്2014 ന്റെ ഭാഗമായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദില്‍നിന്ന് പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.ജയചന്ദ്രന്‍, എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ കെ.മനോജ്, പൊതാവൂര്‍ എ.യു.പി. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.അനില്‍കുമാര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ശിവശങ്കര്‍ അധ്യക്ഷതവഹിച്ചു. ആര്‍.വി.ജി.മേനോന്‍ സംസാരിച്ചു.
പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ 450 കുട്ടികളെയും ഉള്‍പ്പെടുത്തി ഊര്‍ജസംരക്ഷണസേന രൂപവത്കരിച്ചാണ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
മുഴുവന്‍ കുട്ടികള്‍ക്കും ഊര്‍ജകാര്‍ഡുകള്‍ നല്കി അതതുദിവസം വീടുകളിലെ ഉപഭോഗം കുറിച്ചിടുകയും മികച്ചരീതിയില്‍ ഊര്‍ജസംരക്ഷണം നടത്തിയ കുട്ടികള്‍ക്ക് സി.എഫ്.എല്‍. സമ്മാനിക്കുകയും ചെയ്തു.
കെ.എസ്.ഇ.ബി., ഇ.എം.സി. എന്നിവയുമായി സഹകരിച്ച് 'നാളേക്ക് ഇത്തിരി ഊര്‍ജം' പദ്ധതി നടപ്പാക്കി.
വിദ്യാലയത്തിലെ കമ്പ്യൂട്ടര്‍ ലാബിന്റെ സോളാര്‍വത്കരണം, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സീഡിന്റെ നേതൃത്വത്തില്‍ 3811 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സാധിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. കഴിഞ്ഞവര്‍ഷവും പിലിക്കോടിന് സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.
കയ്യൂര്‍ചീമേനി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് ചെറിയാക്കരയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ നാളേക്ക് ഇത്തിരി ഊര്‍ജം പദ്ധതിയാണ് പൊതാവൂര്‍ എ.യു.പി. സ്‌കൂളിനെ സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
വൈദ്യുതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 447 വീടുകളില്‍നിന്ന് രണ്ടുമാസംകൊണ്ട് 3963 യൂണിറ്റ് വൈദ്യുതി മിച്ചംവെക്കാന്‍ സാധിച്ചു.
്