കാസര്‌കോട്: മധുരമുള്ള എട്ട് ക്വിന്റല് കിഴങ്ങ് കിളച്ചെടുത്ത പരവനടുക്കത്തെ സീഡ് കുട്ടികള്ക്കിത് മധുരക്കിഴങ്ങുത്സവം. മറ്റു കൃഷികള്‍ നടത്തി വിജയിപ്പിച്ച വിദ്യാര്ഥികള്ക്കിത് പുതുമയുള്ള വിളവെടുപ്പായിരുന്നു. ചെമ്മനാട് ഗവ. ഹയര് സെക്കന്ഡറി സ്‌കൂളിലെ സീഡ് കുട്ടികളാണ് പരീക്ഷണാടിസ്ഥാനത്തില് മധുരക്കിഴങ്ങ് നട്ട് വിളയിച്ചത്. സ്‌കൂള് വളപ്പിലെ 15 സെന്റിലാണ് കൃഷിയിറക്കിയത്. ചെമ്മനാട് പഞ്ചായത്ത് കൃഷിഭവന്റെ സഹകരണം ലഭിച്ചു.
സ്‌കൂളിലെ എല്ലാ കുട്ടികള്ക്കും ഒരു ദിവസം ഉച്ചഭക്ഷണത്തോടൊപ്പം മധുരക്കിഴങ്ങിന്റെ വിഭവം ഒരുക്കും. ബാക്കിയുള്ള മൂന്ന് ക്വിന്റല് വിറ്റു. അതില്‌നിന്നുള്ള ഒരു വിഹിതം തൊട്ടടുത്തുള്ള പരവനടുക്കം വൃദ്ധസദനത്തില് എത്തിക്കുമെന്ന് സീഡ് കോ ഓര്ഡിനേറ്റര് ശ്രീനിവാസന് പറഞ്ഞു.
വിളവെടുപ്പുത്സവം പി.ടി.എ. പ്രസിഡന്റ് കെ.മധുസൂദനന് നമ്പ്യാര് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന് ടി.ഒ.രാധാകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി കുഞ്ഞമ്പുനായര്, സീനിയര് അധ്യാപിക ഇന്ദുലേഖ, മാധവന്, രവീന്ദ്രന്, ഹനീഫ്, പ്രകാശന്, ശ്രീനിവാസന്, സീഡ് കുട്ടികളായ സഞ്ജയ്കൃഷ്ണന്, വിഷ്ണു, ജിതിന്, ഷിജില്, ഷക്കീല്, അര്ജുന്, അവിനാശ്, അനുഷ, ഐശ്വര്യ, സുജേഷ എന്നിവര് സംസാരിച്ചു.