അമ്പലപ്പുഴ: തോട്ടപ്പള്ളി കടലോരം കേന്ദ്രീകരിച്ചുള്ള കടലാമ സംരക്ഷണപ്രവര്ത്തനങ്ങള് പുതിയ ഘട്ടത്തില്. വംശനാശഭീഷണി നേരിടുന്ന കടലാമയെ സംരക്ഷിക്കാനായി പരിസ്ഥിതിസംഘടനയായ ഗ്രീന് റൂട്സ് നേച്ചര് കണ്സര്വേഷന് ഫോറം കഴിഞ്ഞ രണ്ടുവര്ഷമായി തോട്ടപ്പള്ളി കേന്ദ്രീകരിച്ച് പ്രവര്ത്തിച്ചുവരികയാണ്.
ഇവരുടെ പരിശ്രമങ്ങളെ വിജയത്തിലെത്തിച്ചുകൊണ്ട് കഴിഞ്ഞദിവസം കടലോരത്തുനിന്ന് നിരവധി കടലാമ മുട്ടകള് കിട്ടി. ഇത് വിരിയിച്ചെടുക്കുന്നതിനായി തുറമുഖ പരിസരത്ത് പ്രത്യേക സ്ഥലമൊരുക്കി സംരക്ഷിച്ചിരിക്കുകയാണ്.
1972 ലെ വനംവന്യജീവി സംരക്ഷണ നിമയപ്രകാരം പട്ടിക ഒന്നില് ഉള്പ്പെട്ടതാണ് കടലാമകള്. ആഗസ്ത് മുതല് മാര്ച്ച് വരെയുള്ള പ്രജനനകാലത്ത് കടലാമകള് കൂട്ടമായി തോട്ടപ്പള്ളി കടലോരത്ത് മുട്ടയിടാനെത്തുന്നുണ്ടെന്ന അറിവിനെത്തുടര്ന്നാണ് ഗ്രീന് റൂട്സ് പ്രവര്ത്തകര് നിരീക്ഷണം ആരംഭിച്ചത്. മുട്ടകള് നശിപ്പിച്ചുകളയാതിരിക്കാന് ഇവര് നാട്ടുകാരെ ബോധവത്കരിച്ചു. സ്കൂള് വിദ്യാര്ഥികളെയും പ്രവര്ത്തനത്തിന്റെ ഭാഗമാക്കി. നാലുചിറ സര്ക്കാര് ഹൈസ്കൂള്, പുറക്കാട് എസ്.എന്.എം. ഹയര് സെക്കന്ഡറി സ്കൂള്, എസ്.വി.ഡി. യു.പി.സ്കൂള്, പല്ലന എം.കെ.എം. ഹൈസ്കൂള്, കുമാരകോടി യു.പി.സ്കൂള് എന്നീ വിദ്യാലയങ്ങളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പ്രവര്ത്തനങ്ങളില് പങ്കെടുത്തു. ആലപ്പുഴ സാമൂഹ്യ വനവത്കരണവിഭാഗം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്, അമ്പലപ്പുഴ പോലീസ്, തീരദേശ പോലീസ് എന്നിവയുടെ പിന്തുണയും ലഭിച്ചു.
കാസര്കോട്, കോഴിക്കോട് ജില്ലകളില് കടലാമ സംരക്ഷണപ്രവര്ത്തനങ്ങള് നടക്കുന്നുണ്ടെങ്കിലും ആലപ്പുഴയില് ഇതാദ്യമാണ്. 40 മുതല് 60 ദിവസത്തിനുള്ളില് മുട്ടകള് വിരിയും. മുട്ടകള് കാണുകയോ കൂടുകള് കാണുകയോ ചെയ്താല് അതിന്റെ വിവരങ്ങള് നല്കുന്ന തദ്ദേശീയര്ക്ക് സാമൂഹ്യ വനവത്കരണ വിഭാഗം പ്രത്യേക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കടലാമ മുട്ടകള് നശിപ്പിക്കുകയോ ജീവികളെ ഉപദ്രവിക്കുകയോ ചെയ്താല് അത് ശിക്ഷാര്ഹമായ കുറ്റമാണെന്ന് അധികൃതര് വ്യക്തമാക്കി.
ഗ്രീന് റൂട്സ് പ്രവര്ത്തകരായ ചിത്രാലയം സജി, എം.ആര്. ഓമനക്കുട്ടന്, റഷീദ് എന്നിവരാണ് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്. സാമൂഹ്യ വനവത്കരണ വിഭാഗം റേഞ്ച് ഓഫീസര് പി. രവീന്ദ്രന്, ഫോറസ്റ്റ് ഓഫീസര് പി. മോഹനന് തുടങ്ങിയവരുടെ സഹായങ്ങളുമുണ്ട്.