കൊട്ടാരക്കര സര്ക്കാര് ഹയര് സെക്കന്ഡറി സ്‌കൂളിലെ തണല് എഫ്.എമ്മില് അവതാരകരായ വിദ്യാര്ഥികള്
കൊട്ടാരക്കര: പാട്ടാണെന്റെ കൂട്ട് എന്ന പരസ്യവാചകവുമായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കൈപിടിച്ച് തണല് എഫ്.എം. പ്രക്ഷേപണം ആരംഭിച്ചു. കൊട്ടാരക്കര സര്ക്കാര് ഹയര് സെക്കന്ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്ഥികളും അടങ്ങുന്ന സംഘമാണ് സംഗീതത്തിന്റെ വഴിയില് വേറിട്ട ചിന്തകളുമായി എത്തിയത്.
ദിവസവും ഉച്ചയ്ക്ക് അരമണിക്കൂറും വെള്ളിയാഴ്ചകളില് ഉച്ചയ്ക്ക് ഒന്നരമണിക്കൂറും ഈ സ്‌കൂള്‍ എഫ്.എമ്മിലൂടെ വിദ്യാര്ഥികള്ക്ക് പാട്ടിന്റെ മാധുര്യം ആസ്വദിക്കാം. ജീവിതഗന്ധിയായപാട്ടുകളാണ് കുട്ടികളെ കേള്പ്പിക്കുന്നത്. കുട്ടികളില് ആത്മവിശ്വാസം വളര്ത്തി മാറിയ കാലഘട്ടത്തിനൊത്ത് ജീവിക്കാന് പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് എഫ്.എമ്മിന് നേതൃത്വം നല്കുന്ന പ്രിന്‌സിപ്പല് ഡോ. കെ.വത്സലാമ്മ പറഞ്ഞു. എഫ്.എമ്മിന്റെ വന്ദനഗാനം എഴുതിയതും പ്രിന്‌സിപ്പലാണ്.സ്‌കൂളിലെ കമ്പ്യൂട്ടര് ലാബില് എഫ്.എം. സ്റ്റേഷന് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും സ്പീക്കറുകള് സ്ഥാപിച്ചാണ് പാട്ടുകള് കുട്ടികള്ക്കിടയിലേക്ക് എത്തിക്കുന്നത്. സിനിമാ ഗാനങ്ങള്ക്ക് പുറമേ കവിതകള്, കഥകളിപ്പദങ്ങള്, നാടകഗാനങ്ങള്, കഥാപ്രസംഗങ്ങള്, ഗസലുകള്, നാടന്പാട്ടുകള്, പ്രമുഖരുടെ പ്രഭാഷണങ്ങള്, അഭിമുഖങ്ങള്, പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ശബ്ദരേഖകള് തുടങ്ങിയവ സംപ്രേക്ഷണം ചെയ്യും.
വിദ്യാര്ഥികള് ആവശ്യപ്പെടുന്ന പാട്ടുകളും കേള്പ്പിക്കാറുണ്ട്.
ശാസ്ത്രവിദ്യാര്ഥിയായ രസ്‌നയുടെ നേതൃത്വത്തില് ജി.അശ്വതി, ആന് മേരി ജേക്കബ്, നാദിര്ഷ, ബി.അര്ച്ചന, ആര്യ നോഹന്, ലിമ സുമന്, നിതിന് നാസര്, എസ്. അനൂപ് എന്നിവരും സീഡ് കോഓര്ഡിനേറ്റര് ഡോ. വിജേഷ് പെരുംകുളം, ജെ.പി.ബിന്ദു, റെജി മത്തായി എന്നീ അധ്യാപകരും അവതാരകരായുണ്ട്.