മഴക്കാലമായാൽ ഞങ്ങൾക്കു പേടിയാണ്

Posted By : idkadmin On 1st November 2014


കുളമാവ്: സുരക്ഷിതമായ കെട്ടിടം ഇല്ലാതെ ചിതലരിച്ചതും ദ്രവിച്ചതുമായ തൂണുകൾ ഇനി എത്രനാൾ ഞങ്ങളുടെ സ്‌കൂളിനെ താങ്ങി നിർത്തും എന്നറിയില്ല. ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാനുള്ള ശേഷിയില്ല. ഏതു നിമിഷവും നിലംപൊത്തും. കുളമാവിലെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർഥികളുടെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ആശ്രയിക്കാൻ കഴിയുന്ന ഏക സ്‌കൂളാണ് ഐ.എച്ച്.ഇ.പി. സർക്കാർ വിദ്യാലയം. നിർധനരും തൊഴിൽ രഹിതരുമായ കുടുംബങ്ങൾ അവികസിതമായ കുളമാവ് കെ.എസ്.ഇ.ബി. കോളനിയിൽ നിരവധിയുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് കോളനിയിലെ ദരിദ്ര വിദ്യാർഥികൾക്കായി ആരംഭിച്ച സ്‌കൂൾ ഇന്ന് അവഗണനയിലായി. ഇടുക്കി എം.എൽ.എ. റോഷി അഗസ്റ്റിൻ സാർ രണ്ടുവർഷംമുമ്പ് അമ്പതുലക്ഷം രൂപ ഞങ്ങളുടെ സ്‌കൂൾ വികസനത്തിനായി നൽകാമെന്നേറ്റു. സ്‌കൂളിലെ പൂർവ്വവിദ്യാർഥിയും യുെനസ്‌കോ അവാർഡ് ജേതാവുമായ യുവശാസ്ത്രജ്ഞൻ സതീഷ്‌കുമാറിനെ അനുമോദിക്കാൻ ചേർന്ന യോഗത്തിലായിരുന്നു എം.എൽ.എ.യുടെ വാഗ്ദാനം. നാളേറെക്കഴിഞ്ഞിട്ടും മഴ പലതും പെയ്തിട്ടും ഞങ്ങളുടെ സ്‌കൂളിന്റെ വികസനത്തിനായി എം.എൽ.എ.യുടെ തുക മാത്രം ലഭിച്ചില്ല. ഞങ്ങളുടെ സ്‌കൂൾ കെട്ടിടത്തിന്റെ ഭിത്തികൾ വിണ്ടുകീറി വെള്ളമൊഴിഞ്ഞ നെൽപ്പാടം പോലെയായി. തുരുമ്പുപിടിച്ച തകിടുകൾകൊണ്ട് ജനാലകൾ മറയ്ക്കണം. വാതിലുകൾക്ക് പാളികളില്ല. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടി തകർന്നിരിക്കുന്നു. ക്‌ളാസ് മുറികളിലിരുന്നാൽ ഞങ്ങൾക്ക് മഴയും വെയിലും മഞ്ഞും കൊള്ളണം. തൂണുകൾ ഇളകിദ്രവിച്ചു. കുളമാവിൽനിന്ന് മറ്റിടങ്ങളിലുള്ള സ്‌കൂളുകളിൽ പോകണമെങ്കിൽ ദിവസവും കിലോമീറ്ററുകളോളം സഞ്ചരിക്കണം. വാഹനസൗകര്യം നന്നേ കുറവും. അധ്യാപകർക്കും ആവശ്യമായ സൗകര്യങ്ങൾ സ്‌കൂളിലില്ല. 1961ൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി. സ്ഥാപിച്ച ഞങ്ങളുടെ സ്‌കൂളിന് അമ്പതിലേറെ വർഷത്തിന്റെ പഴക്കമുണ്ട്. നാടിനുമുഴുവൻ വെളിച്ചം നൽകാൻ യത്‌നിക്കുന്നവരുടെ കുട്ടികൾക്ക് ഇന്ന് ഭാവി ഇരുളടഞ്ഞതാണ്. ഈ വർഷം ഞങ്ങളുടെ സ്‌കൂൾകെട്ടിടം ഫിറ്റ്‌നസ് ഇല്ലെന്ന അറക്കുളം ഗ്രാമപ്പഞ്ചായത്ത് അസി.എൻജിനിയർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ കുട്ടികളേയുംേപാലെ ഞങ്ങളുടെ അവകാശമായ വിദ്യാഭ്യാസം ആത്മവിശ്വാസത്തോടെ ആർജ്ജിച്ചെടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ജോമിൻ കെ.ജോബ് സീഡ് റിപ്പോർട്ടർെ എ.എച്ച്.ഇ.പി.എച്ച്.എസ്. കുളമാവ്