കോട്ടയം: മലയാളികളുടെ ആരോഗ്യം നശിപ്പിക്കുന്ന വിഷലിപ്തമായ പച്ചക്കറികൾക്ക് പകരം സ്വന്തം പച്ചക്കറിതോട്ടം നിർമിച്ച് കോട്ടയം ഹോളിഫാമിലി സ്കൂളിലെ സീഡ് പ്രവർത്തകർ മാതൃകയാകുന്നു. കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും നല്ല ഭക്ഷണശീലം എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾവളപ്പിൽ ആരംഭിച്ച മാതൃകാ പച്ചക്കറികൃഷി തോട്ട നിർമാണം കൃഷി അസി. ഡയറക്ടർ ജോർജ് സക്കറിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജോസ് ജോക്കബ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എം.ജോർജ്, ഫീൽഡ് ഓഫീസർ നിർമ്മല, കൃഷി വകുപ്പ് അസിസ്റ്റന്റ് ധന്യ, സീഡ് കോഓർഡിനേറ്റർ മാർഗരറ്റ് റോബർട്ട്, ജസ്സി ജോസഫ്, വി.എം.ജോൺസൺ, കെ.പി.സാബു എന്നിവർ പ്രസംഗിച്ചു.