കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഇരുവശവും പ്രകൃതിരമണീയമാണ്. എന്നാൽ, ഏറ്റവും വലിയ തണ്ണീർ തടാകമായ വേമ്പനാട്ടുകായൽ അനുദിനം മലിനമായിക്കൊണ്ടിരിക്കുന്നു. സ്‌കൂളിൽനിന്നുള്ള പഠനയാത്രയിലാണ് ഇത് എന്റെ ശ്രദ്ധയിൽ വന്നത്. നൂറുകണക്കിന് ഹൗസ്‌ബോട്ടുകളിൽനിന്നും പുറന്തള്ളുന്ന മാലിന്യത്തിനുപുറമെ നാട്ടുകാരുടെ അശ്രദ്ധമൂലവും കായൽ മലിനമാകുന്നു. റോഡിനോടുചേർന്ന കായൽപ്രദേശം കരിക്കിൻതോടുകൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടെയെല്ലാം വായുവിൽ ദുർഗന്ധം നിറഞ്ഞിരിക്കുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച കരിക്കിന്റെ തൊണ്ട് കായലിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. മാലിന്യ നിർമ്മാർജ്ജനം ഒരുപരിധിവരെയെങ്കിലും ബോധവത്കരണത്തിലൂടെ നടത്താമെന്നിരിക്കെ മാലിന്യം കായലിലേക്ക് വലിച്ചെറിയുന്നതിനെതിരെ ബോർഡുകൾ സ്ഥാപിക്കാവുന്നതാണ്. കൂടാതെ പരിസരം മലിനമാകാതെ മാലിന്യം സംസ്‌കരിക്കുന്നതിനുവേണ്ട നിർദ്ദേശം വഴിയോരക്കച്ചവടക്കാർക്ക് നൽകുന്നത് ഗുണം ചെയ്യും. അധികാരികളുടെ അടിയന്തരശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അഖിൽ അനിൽകുമാർ, സീഡ് റിപ്പോർട്ടർ, ക്‌ളാസ്9, ഫാ.ഗീവർഗീസ് മെമ്മോറിയൽ സ്‌കൂൾ, കാരിക്കോട്