പേരൂര്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിയിറക്കി

Posted By : pkdadmin On 1st November 2014


 ലക്കിടി: 'സ്വന്തം അധ്വാനത്തിലൂടെ ഒരുപിടി നെല്ല്' എന്ന ലക്ഷ്യവുമായി പേരൂര്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിയിറക്കി. അകലൂരിലെ പേരപ്പാടം പാടശേഖരസമിതിക്കുകീഴിലുള്ള 61 സെന്റ് വയലിലാണ് തിങ്കളാഴ്ച ഞാറുനട്ടത്. ക്ലബ്ബംഗങ്ങളായ 25പേരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. 
ജൈവവളവും ജൈവകീടനാശിനികളുംമാത്രമാണ് ഉപയോഗിക്കുന്നതെന്ന് സീഡ് പ്രവര്‍ത്തകരായ നന്ദന, ദേവിക, അഫ്‌നാസ് എന്നിവര്‍ പറഞ്ഞു. ഒരുമാസംമുമ്പ് ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ ഞാറ്റടി തീര്‍ത്തിരുന്നു. സ്‌കൂള്‍മുറ്റത്ത് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം വന്‍ വിജയമായതോടെയാണ് പ്രവര്‍ത്തകര്‍ നെല്‍ക്കൃഷിയിലേക്ക് തിരിഞ്ഞത്. ഉമ വിത്താണ് പാകിയത്. 
കുട്ടിക്കര്‍ഷകരെ സഹായിക്കാന്‍ പാരമ്പര്യകൃഷിക്കാരനായിരുന്ന സ്‌കൂളിലെ അധ്യാപകന്‍ പി. രാജേന്ദ്രനും സീഡ് കണ്‍വീനര്‍ ടി. മുജീബുമുണ്ട്. പി.ടി.എ. പ്രസിഡന്റ് യു.പി. രവി, പള്ളംതുരുത്ത് പാടശേഖരസമിതി, പേരപ്പാടം പാടശേഖരണസമിതി, ലക്കിടി കൃഷിഭവന്‍ എന്നിവരുടെ സഹായവും ലഭിക്കുന്നതായി ടി. മുജീബ് പറഞ്ഞു.
പ്രധാനാധ്യാപിക സി.ജി. ശോഭ, പി. രാജേന്ദ്രന്‍, ടി. മുജീബ്, പി. സജിത്, ഒ. ലീലാവതി, നന്ദന, ദേവിക, അഫ്‌നാസ് എന്നിവര്‍ പങ്കെടുത്തു.