കലയ്‌ക്കോട് പെരുങ്കുളം ഏലായില് ഐശ്വര്യ സ്‌കൂള്
കുട്ടികളുടെ ഞാറുനടീല് ഉത്സവമായി
കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിലെ കുട്ടികള്
പെരുങ്കുളം ഏലായില് ഞാറുനടുന്നു
പരവൂര്: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിലെ കുട്ടികള് പഠന മുറിയില്‌നിന്ന് പാടത്തെത്തി. അവര് നടത്തിയ ഞാറുനടീല് ഉത്സവം എല്ലാവര്ക്കും മാതൃകയായി.
കലയ്‌ക്കോട് പെരുങ്കുളം ഏലായിലാണ് സീഡ് ക്ലബ്ബ് പ്രവര്ത്തനത്തിലൂടെ കൃഷിയോട് ആഭിമുഖ്യം വളര്ന്ന കുട്ടികള് ഞാറുനടാന് എത്തിയത്. സ്‌കൂള് ട്രസ്റ്റ് ചെയര്മാന് ആര്.രാമചന്ദ്രന് പിള്ളയില്‌നിന്ന് ഏറ്റുവാങ്ങിയ ഞാറ്റുപിടികളാണ് ഞാറ്റുപാട്ടിന്റെ ഈരടികള്‌ക്കൊത്ത് ആസ്വദിച്ച് കുട്ടികള് നട്ടത്. പാടവരമ്പില്‌നിന്ന കര്ഷകരും നടീല് ഉത്സവത്തില് കുട്ടികള്‌ക്കൊപ്പം ചേര്ന്നു.
ഇതോടെ നടീല് കലയ്‌ക്കോട് ഗ്രാമത്തിന്റെതന്നെ കാര്ഷികോത്സവമായി മാറി. സീഡ് ക്ലബ് കോഓര്ഡിനേറ്റര് ലീനാമണി, വൈസ് പ്രിന്‌സിപ്പല്‍ എ.കെ.മിനി, സത്യരാജന് പിള്ള, സജികുമാര്, സുഭാഷ് എന്നിവര് നടീല് ഉത്സവത്തിന് നേതൃത്വം നല്കി.