പൂച്ചാക്കല്: പാണാവള്ളി എസ്.എന്.ഡി.എസ്.വൈ. യു.പി. സ്‌കൂള് വിദ്യാര്ഥികള് പൂച്ചാക്കല് ടൗണില് മദ്യവിരുദ്ധറാലി നടത്തി.
മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെ സംബന്ധിച്ചുള്ള പ്ലക്കാര്ഡുകള് ഉയര്ത്തിപ്പിടിച്ചുകൊണ്ടാണ് റാലി നടത്തിയത്. 'മദ്യം നമുക്ക് വേണ്ടേ വേണ്ട' തുടങ്ങിയ മുദ്രാവാക്യങ്ങളും റാലിയില് മുഴങ്ങിക്കേട്ടു.
മാതൃഭൂമി സീഡ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നല്കിയത്.
ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. മദ്യപാനത്തിന്റെ തിക്തഫലങ്ങള് കുടുംബങ്ങളില്‌നിന്ന് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കുട്ടികള് അധ്യാപകരുടെ നേതൃത്വത്തില് മദ്യത്തിനെതിരെ റാലി നടത്താന് തീരുമാനിക്കുകയായിരുന്നു.
ബിവറേജസിന്റെ പാണാവള്ളി ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 1000 കത്തുകള് അയയ്ക്കുകയും ചെയ്തു.
മലിനീകരണം മറ്റൊരു വിപത്തായി കണ്ട കുട്ടികള് പൂച്ചാക്കല് തോടിനെ മാലിന്യവിമുക്തമാക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൈക്കാട്ടുശ്ശേരി, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റുമാര്ക്ക് നിവേദനം നല്കുകയും ചെയ്തു. സ്‌കൂള് പ്രഥമാധ്യാപിക ജെ. ഷേര്‌ലി, പി.ടി.എ. പ്രസിഡന്റ് എസ്. ഷിജു, മാതൃഭൂമി സീഡ്‌നന്മ കോ ഓര്ഡിനേറ്ററ്ര്‍ എസ്. സിനി, പി.വി. അബൂബക്കര്, സുനില്കുമാര്, പി. ബാബു, കെ.എം. ഷീജ, ആര്. ബിന്ദു എന്നിവര് നേതൃത്വം നല്കി.