കൊപ്പം: സഹപാഠിയുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സീഡ് വിദ്യാര്‍ഥികളും രംഗത്തെത്തി. കൊപ്പം മണ്ണേങ്ങോട് സ്വദേശിനിയും നടുവട്ടം ഗവ. ജനതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലൂസ്ടു വിദ്യാര്‍ഥിനിയുമായ സിന്ധുവിന്റെയും അമ്മ വിജയലക്ഷ്മിയുടെയും ദുരിതജീവിതത്തിന് അറുതിവരുത്തണമെന്ന ആവശ്യവുമായി സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് വന്നിരിക്കുന്നത്.
സിന്ധുവും അമ്മയും നയിക്കുന്ന ദുരിതജീവിതത്തെക്കുറിച്ച് 'മാതൃഭൂമി' നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. അടച്ചുറപ്പില്ലാത്ത തകര്‍ന്നുവീഴാറായ കൂരയിലാണ് മണ്ണേങ്ങോട് മേലെ ഇളയടത്തില്‍ വിജയലക്ഷ്മിയും മകള്‍ സിന്ധുവും താമസിക്കുന്നത്. കുടിവെള്ളമാണ് ഇവരുടെ മറ്റൊരു പ്രശ്‌നം. സൗജന്യ കുടിവെള്ള കണക്ഷന്‍ വീട്ടിലുണ്ടെങ്കിലും വെള്ളം ലഭിക്കാറില്ല. ഇവരുടെ പ്രശ്‌നങ്ങളില്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് സഹപാഠികള്‍.
വിഷയത്തില്‍ വനിതാകമ്മീഷന്‍ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കിണറും വീടും നിര്‍മിച്ചുനല്‍കാന്‍ ഗ്രാമപ്പഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. എന്നാല്‍, തുടര്‍ പ്രവൃത്തി എങ്ങുമെത്തിയില്ല.
ഇപ്പോഴും കുടിവെള്ളം ലഭിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളം കിട്ടാതായിട്ട്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ഇവരുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തണമെന്നും സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റും സഹപാഠികളും ആവശ്യപ്പെട്ടു. സ്‌കൂളിലെ പി.ടി.എ.യുടെ സഹകരണത്തോടെയാണ് ഇപ്പോള്‍ സിന്ധുവിന്റെ പഠനം മുന്നോട്ടുപോകുന്നത്. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവരുടെ ബുദ്ധിമുട്ട് വിശദീകരിച്ച് പരാതി നല്‍കിയിട്ടുണ്ട്.
അധികൃതര്‍ വാഗ്ദാനംനല്‍കുകയെന്നല്ലാതെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തങ്ങളുടെ കൂട്ടുകാരിക്ക് നേരിടേണ്ടിവരുന്ന ദുരവസ്ഥ കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് സഹപാഠികളായ എം.ടി. ഗ്രീഷ്മ, സ്‌നേഹ കെ., ഉണ്ണിക്കൃഷ്ണന്‍, ആര്യ, അഖില്‍ എന്നിവര്‍ പറഞ്ഞു.