സീഡിന്റെ കുട്ടിക്കര്‍ഷകര്‍ക്ക് വിജയത്തിന്റെ മിശ്രവിളക്കൃഷി; കൊയ്ത്ത് ആഘോഷമായി

Posted By : klmadmin On 26th October 2014


 
 
കുന്നിക്കോട്: ഒരുപൊതിച്ചോറിന് പാടത്ത് വിയര്‍പ്പൊഴുക്കിയ സീഡിന്റെ കുട്ടിക്കര്‍ഷകര്‍ക്ക് നൂറുമേനിയുെട മധുരം. ആവണീശ്വരം എ.പി.പി.എം.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാടത്ത് പൊന്നുവിളയിച്ചത്. 
കഴിഞ്ഞദിവസം ആഘോഷമായി നടന്ന വിളവെടുപ്പ് മേലില ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ആനന്ദവല്ലിയമ്മ ഉദ്ഘാടനം ചെയ്തു. സ്വര്‍ണവര്‍ണമണിഞ്ഞ് പാകമായ കറ്റ കൊയ്തായിരുന്നു ഉദ്ഘാടനം. മേലില കാരാണി ഏലായില്‍ കര്‍ഷകന്‍ വിട്ടുനല്‍കിയ വയലില്‍ മാസങ്ങള്‍ക്കുമുമ്പാണ് മിശ്രവിളക്കൃഷി ആരംഭിച്ചത്. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷിക്ക് ഉപയോഗിച്ചത്. വിവിധയിനം വാഴകള്‍, പച്ചമുളക്, മരച്ചീനി, പയര്‍, ചീര തുടങ്ങിയവയും നെല്ലിനൊപ്പം കൃഷി ചെയ്തു. 
അരയും തലയും മുറുക്കി പാടത്തിറങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കുമുന്നില്‍ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയൂണിന് പൊതിച്ചോറ് കെട്ടുമ്പേള്‍ സ്വന്തം അധ്വാനത്തില്‍ വിളഞ്ഞ വിഷരഹിത വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക. 
ഇതിലൂടെ കുടുംബകൃഷിയുടെ സന്ദേശവും നല്‍കി. ഒരുവിളയുടെ ഉത്പാദനം കുറഞ്ഞാലും മറ്റൊന്നിലൂടെ നഷ്ടം നികത്താനാവുമെന്നും മിശ്രവിളക്കൃഷിയിലൂടെ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. വയലില്‍ പണകള്‍ കോരുകയും ഇതില്‍ വാഴ അടക്കമുള്ളവയും നീര്‍ച്ചാലില്‍ നെല്ലുമായിരുന്നു വിളയിച്ചത്. 
ഇക്കാരണത്താല്‍ പണയിലെ വിളകള്‍ക്ക് നല്ല ഈര്‍പ്പം ലഭിക്കുകയും ജലസേചനം കുറയ്ക്കാനുമായി. ജൈവരീതി അവലംബിച്ചതിനാല്‍ മിത്രകീടങ്ങളുടെ രക്ഷയും ഉറപ്പാക്കിയിരുന്നു.
 സീഡ് ക്ലബ്ബിനൊപ്പം സ്‌കൂളിലെ അഗ്രിക്കള്‍ച്ചര്‍ വിഭാഗവും എന്‍.എസ്.എസ്. യൂണിറ്റും ഒരുമയോടെ പ്രവര്‍ത്തിച്ചു.
മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മാത്രം ഒതുങ്ങിനിന്ന കൃഷി സമൂഹത്തിലേക്കുകൂടി വ്യാപിപ്പിക്കാനാണ് ഇത്തവണ പാടത്തേക്കിറങ്ങിയത്. പഠനത്തോടൊപ്പം പ്രവൃത്തിയും എന്ന പ്രായോഗികത നടപ്പാക്കാന്‍ അധ്യാപകരും മേലില, വിളക്കുടി കൃഷി ഓഫീസുകളും വിദ്യാര്‍ഥികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കി.
സീഡ് കോഓര്‍ഡിനേറ്റര്‍ മീര ആര്‍.നായര്‍, സ്‌കൂള്‍ മാനേജര്‍ ആര്‍.പദ്മഗിരീഷ്, വിളക്കുടി, മേലില കൃഷി ഓഫീസര്‍മാരായ അനീഷ, സംഗീത, പ്രിന്‍സിപ്പല്‍ ടി.ജെ.ശിവപ്രസാദ്, പ്രഥമാധ്യാപകന്‍ വി.നിസാമുദീന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എസ്.സുധീര്‍, അധ്യാപകരായ ശ്രീരാജ്, അനീഷ്, ലാബ് അസിസ്റ്റന്റ് എ.ലത്തീഫ് തുടങ്ങിയവര്‍ ചടങ്ങിനും കൃഷിക്കും നേത്യത്വം നല്‍കി. 
സീഡ് യൂണിറ്റ് പ്രസിഡന്റ് സൂര്യനാരായണന്‍ സ്വാഗതവും സെക്രട്ടറി പി.ആര്‍.ആര്യ നന്ദിയും പറഞ്ഞു.