വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ മങ്കേരിക്കും മേച്ചേരിപ്പറമ്പിനും ഇടയിലുള്ള പ്രകൃതിരമണീയമായ സ്ഥലമാണ് വലിയപറമ്പ്. കുറ്റിക്കാടുകളും പുല്‍മേടുകളും നിറഞ്ഞ പ്രദേശമാണിത്.
വിവിധതരത്തിലുള്ള ഔഷധസസ്യങ്ങളും അപൂര്‍വയിനം ജന്തുജാലങ്ങളും ഇവിടെയുണ്ട്.
പച്ചപ്പിന്റെയും ജൈവ വൈവിധ്യത്തിന്റെയും കലവറയായ ഈ പ്രദേശം അനുദിനം ഇല്ലാതാവുകയാണ്. അമിതമായ കുന്നിടിക്കലും ക്വാറികളുടെ പ്രവര്‍ത്തനവും ഈ പ്രദേശത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ ആവാസ വ്യവസ്ഥയ്ക്കും ജൈവ വൈവിധ്യത്തിനും മങ്ങല്‍ ഏല്പിക്കുന്നു. മഴക്കാലത്ത് മണ്ണിടിയുന്നത് സമീപവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.
ഹരിതാഭ നിറഞ്ഞ ഇവിടം ഒരു വിനോദ സഞ്ചാരകേന്ദ്രം ആക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. മനോഹരമായ കുന്നിന്‍പ്രദേശം വേണ്ടവിധത്തില്‍ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
(സീഡ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് സല്‍മാന്‍.കെ.വി, ജി.എച്ച്.എസ്.എസ്.ഇരിമ്പിളിയം)