പഴയരിക്കണ്ടം: ഞങ്ങളുടെ സ്‌കൂളായ പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും നാലാംക്ലാസ്സില്‍ പഠിക്കുന്ന ഇവരുടെ സഹോദരനും വളരെ ദാരിദ്ര്യമനുഭവിക്കുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇവര്‍ പലപ്പോഴും സ്‌കൂളില്‍ വരാറില്ല. കാരണമന്വേഷിച്ച് അധ്യാപകര്‍ ഈ കുട്ടികളുടെ വീട്ടില്‍ ചെന്നപ്പോള്‍, കുട്ടികളുടെ അച്ഛന്റെ കണ്ണുകള്‍ക്ക് ഭാഗികമായേ കാഴ്ചയുള്ളൂ എന്ന് മനസ്സിലായി. തുടയെല്ല് പൊട്ടിയ മുത്തശ്ശി കിടക്കുന്നത് തറയില്‍. മുത്തശ്ശിക്ക് സ്വയം എഴുന്നേല്‍ക്കാന്‍പോലും കഴിയില്ല.
ഈ കുടുംബത്തിന് പലപ്പോഴും ഭക്ഷണം കഴിക്കാന്‍പോലും നിവൃത്തിയില്ല. അയല്‍ക്കാരും സ്‌കൂളുകാരുമൊക്കെ സഹായിച്ചാണ് പണവും ഭക്ഷണത്തിനുള്ള സാമഗ്രികളും നല്‍കുന്നത്. എല്ലാ ദിവസവും ഭക്ഷണം നല്‍കാന്‍ ആര്‍ക്കും കഴിയില്ലല്ലോ.
ക്ലാസ്സില്‍ വന്നാലും ഈ കുട്ടികള്‍ ഞങ്ങളോടൊന്നും സംസാരിക്കാറില്ല. ഒറ്റയ്ക്കുമാറി ഒരു ബഞ്ചില്‍ പോയിരിക്കും. ടീച്ചര്‍മാര്‍ ചോദിക്കുന്നതിനും ഉത്തരം പറയില്ല. ഇവര്‍ക്കുവേണ്ട ബുക്ക്, യൂണിഫോം, മറ്റ് വസ്ത്രങ്ങള്‍, ചെരിപ്പ്, ബാഗ് എന്നിവയെല്ലാം സ്‌കൂളില്‍നിന്നാണ് വാങ്ങിച്ചുനല്‍കുന്നത്. ഇവര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരാണ്.
മുത്തശ്ശി ഒരു കീറപ്പായയില്‍ നിലത്താണ് കിടക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത് ഇവിടെത്തന്നെ. മുത്തശ്ശിക്ക് കൂട്ടിരിക്കുന്നതുമൂലമാണ് ഇവര്‍ സ്‌കൂളിലെത്താത്തതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. അമ്മയ്ക്ക് വല്ലപ്പോഴും കിട്ടുന്ന പണിയില്‍നിന്നുള്ള ചെറിയ വരുമാനമാണ് ഇവരുടെ ഏക സാമ്പത്തിക സ്രോതസ്സ്.
ആസ്പത്രിയില്‍ കൊണ്ടുപോകാനുള്ള പണം അവര്‍ക്കില്ല. തൊടുപുഴ താലൂക്ക് ആസ്പത്രിയിലാണ് കാണിക്കേണ്ടത്. അവിടെവരെ പോകാന്‍ വണ്ടിക്കൂലി ഏകദേശം 2000 രൂപയാകും. അതിനുള്ള പണം ഇവരുടെ ൈകയിലില്ല. വണ്ടി ഇവരുടെ വീടിനടുത്തേക്ക് പോകില്ല. റോഡില്‍നിന്ന് വീട്ടിലേക്ക് ഒറ്റയടിപ്പാതയാണുള്ളത്. ഇതിലൂടെ 100 മീറ്റര്‍ കട്ടിലില്‍ കിടത്തി ചുമന്നുകൊണ്ട് വണ്ടിയില്‍ കയറ്റണം. ഇവരെ പഞ്ചായത്ത് വക 'അഗതി' സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതിന്‍പ്രകാരമുള്ളതോ മറ്റ് സഹായങ്ങളോ ഒന്നുംതന്നെ ലഭിക്കുന്നില്ല. മാത്രമല്ല, ഇവര്‍ എ.പി.എല്‍. ലിസ്റ്റിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇവരുടെ അച്ഛന്‍ മാത്തച്ചന്‍ എന്നുവിളിക്കുന്ന വിജയന്‍ കാഴ്ചശക്തി വളരെ കുറവുള്ളതിനാല്‍ വികലാംഗ പെന്‍ഷന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, എട്ടുമാസമായിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജലക്ഷാമം രൂക്ഷമായ ഇവിടെ നിലവിലുണ്ടായിരുന്ന ജലവിതരണപദ്ധതിയും പ്രവര്‍ത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഞങ്ങളുടെ ഈ കൂട്ടുകാര്‍ക്ക് തുടര്‍ച്ചയായി സ്‌കൂളില്‍ വരാന്‍ കഴിയണം. പഠനത്തിനാവശ്യമായ സാമഗ്രികളും സാമൂഹികവും ഭൗതികവുമായ മറ്റ് സാഹചര്യവും ഇവരുടെ മുത്തശ്ശിയുടെ ചികിത്സാച്ചെലവും ജില്ലാ ഭരണകൂടം ഒരുക്കിക്കൊടുക്കണം. ഇവര്‍ക്ക് അടിയന്തര കൗണ്‍സലിങ് സേവനം ലഭ്യമാക്കണം. ഈ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനോടൊപ്പം വിയറ്റ്‌നാം കോളനി എന്നറിയപ്പെടുന്ന ഈ എസ്.സി. കോളനിയുടെ വികസനവും ഉറപ്പുവരുത്തണം.
ദേവികമോള്‍ സജീവ്
(സീഡ് റിപ്പോര്‍ട്ടര്‍, ഗവ. ഹൈസ്‌കൂള്‍, പഴയരിക്കണ്ടം)