പൂച്ചാക്കല്: നായര് സര്വീസ് സൊസൈറ്റിയുടെ പിന്നിട്ട 100 വര്ഷത്തെ കര്മ്മമണ്ഡലത്തെ അനുസ്മരിച്ച് 100 വൃക്ഷത്തൈകള് നട്ട് മന്നം സ്മൃതിവനം പദ്ധതിക്ക് തുടക്കമായി. തൈക്കാട്ടുശ്ശേരി നടുഭാഗം 790ാം നമ്പര് എന്.എസ്.എസ്. കരയോഗം, നടുഭാഗം എം.ഡി. യു.പി.സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേര്ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. എന്.എസ്.എസ്സിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് മന്നം സ്മൃതിവനം പദ്ധതി നടപ്പാക്കുന്നത്. മഹാഗണി, മാവ്, നെല്ലി, കൊടംപുളി, കണിക്കൊന്ന, ആഞ്ഞിലി, പേര, പ്ലാവ്, പൂവരശ്, അക്കേഷ്യ തുടങ്ങിയവയുടെ തൈകളാണ് നട്ടത്. സമുദായാചാര്യന് മന്നത്ത് പത്മനാഭനെ അനുസ്മരിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.
അഡ്വ. എ.എം.ആരിഫ് എം.എല്.എ. വൃക്ഷത്തൈകള് നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ സ്‌കൂള് കുട്ടികള് എം.എല്.എ.യ്‌ക്കൊപ്പം സ്‌കൂള്വളപ്പിലാകെ തൈകള് നട്ടു.
സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയില്, പ്രത്യേകിച്ച് വിദ്യാഭ്യാസപരമായ പുരോഗതിയില് എന്.എസ്.എസ്സിന്റെ പങ്ക് വളരെ വലുതാണെന്ന് അഡ്വ. എ.എം.ആരിഫ് എം.എല്.എ. പറഞ്ഞു.
എന്.എസ്.എസ്. താലൂക്ക് യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര് മുഖ്യപ്രഭാഷണം നടത്തി.
തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കൃഷ്ണന് നായര് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം ആര്. സുലോചനാദേവി, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ടി. പുഷ്പാംഗദന്, എന്.എസ്.എസ്. പ്രതിനിധിസഭാംഗം ടി.എസ്. ഗോപാലകൃഷ്ണന് നായര്, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്, അസിസ്റ്റന്റ് സെയില്‌സ് ഓര്ഗനൈസര് ശ്രീകാന്ത്, പി.ടി.എ. പ്രസിഡന്റ് ബാബു എന്നിവര് പ്രസംഗിച്ചു. കരയോഗം പ്രസിഡന്റ് കെ.ആര്. അപ്പുക്കുട്ടന് നായര് സ്വാഗതവും സ്‌കൂള്‍ പ്രധാനാധ്യാപിക പി.കെ. പ്രഭ നന്ദിയും പറഞ്ഞു. മാതൃഭൂമി സീഡ് കോഓര്ഡിനേറ്റര് സുജാത, വിജയകുമാര്, ബി. ഗോപാലകൃഷ്ണന് നായര്‍ എന്നിവര് നേതൃത്വം നല്കി.
തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി. യു.പി.സ്‌കൂളില് നടപ്പാക്കുന്ന മന്നം സ്മൃതിവനം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. എ.എം.ആരിഫ് എം.എല്.എ. നിര്വഹിക്കുന്നു