കോട്ടയം:കീടനാശിനി പ്രയോഗം ഒഴിവാക്കണമെന്ന സന്ദേശവുമായി കാരിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

Posted By : ktmadmin On 23rd October 2014


കടുത്തുരുത്തി: അമിതമായ കീടനാശിനി പ്രയോഗംമൂലം മനുഷ്യര്‍ക്കുണ്ടാകുന്ന തീരാരോഗങ്ങളെക്കുറിച്ചും പരിസ്ഥിതി മലിനീകരണങ്ങളെക്കുറിച്ചും മാതൃഭൂമി സീഡ്ക്ലബ്ബിലെ, കാരിക്കോട് ഫാദര്‍ ഗീവര്‍ഗീസ് മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദമായി. കാന്‍സര്‍ മുതല്‍ വിഷാദരോഗങ്ങള്‍ക്കുവരെ കാരണമാകുന്ന കീടനാശിനികളെക്കുറിച്ച് കുട്ടികള്‍ വിശദീകരിച്ചു.
വിഷത്തിന്റെ തീവ്രതയനുസരിച്ച് ചുവപ്പ്, മഞ്ഞ, നീല, പച്ച എന്നീ നിറങ്ങളിലുള്ള പാക്കറ്റുകളിലാണ് കീടനാശിനികള്‍ വിപണനത്തിനിറക്കുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. ഇവയില്‍ ഏറ്റവും മാരകമായ വിഷം അടങ്ങിയിരിക്കുന്നത് ചുവപ്പിലും മഞ്ഞയിലുമാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്‌കൂളില്‍നിന്ന് വിതരണംചെയ്ത പച്ചക്കറി വിത്തുകള്‍ കുട്ടികള്‍ വിതരണംചെയ്തു. ഈ വിത്തുകള്‍ കീടനാശിനി പ്രയോഗമില്ലാതെ കൃഷിചെയ്യാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍. ആവശ്യമുള്ള പച്ചക്കറികള്‍ വീടുകളില്‍ ഉല്പാദിപ്പിച്ച് വിഷമുക്തമാക്കി ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ഥികളെന്ന് പ്രഥമാധ്യാപകന്‍ കെ.ജെ.രാജു പറഞ്ഞു.