പാഠം ഒന്ന് ഒരു കൈ സഹായം കരവാളൂര്‍ എ.എം.എം. സ്‌കൂളില്‍

Posted By : klmadmin On 26th July 2013


നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലബ്ബ് എഫ്.എം. 94.3 ന്റെ സഹായം വീണ്ടും. വിദ്യ തേടുന്ന പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ കേരളത്തിലെ ഒന്നാം നമ്പര്‍ റേഡിയോ സ്റ്റേഷനായ ക്ലബ്ബ് എഫ്.എം. 94.3 ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പാഠം ഒന്ന് ഒരു കൈ സഹായം നടപ്പാക്കി കരവാളൂരിലെ എ.എം.എം. ഹൈസ്‌കൂള്‍ ഇതര വിദ്യാലയങ്ങള്‍ക്ക് മാതൃകയായി.
ക്ലബ്ബ് എഫ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ തുണയായത് സ്‌കൂളിലെതന്നെ പാവപ്പെട്ട കുട്ടികള്‍ക്ക് മാത്രമല്ല, അയല്‍ വിദ്യാലയമായ കരവാളൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, അടുക്കളമൂലയില്‍ പ്രവര്‍ത്തിക്കുന്ന മീരാ ചാരിറ്റബിള്‍ ട്രസ്റ്റ്, കരവാളൂരിലെ കരുണാലയാ അനാഥാലയം എന്നിവിടങ്ങളിലെ കുരുന്നുകള്‍ക്ക് കൂടിയാണ്. കഴിഞ്ഞ ദിവസം എ.എം.എം. സ്‌കൂളില്‍ നടന്ന ചടങ്ങില്‍, കുട്ടികള്‍ സമാഹരിച്ച നോട്ട് ബുക്കുകള്‍, പേനകള്‍, ബാഗുകള്‍ തുടങ്ങിയ പഠനോപകരണങ്ങള്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജസ്സി രാജു ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ക്ലബ്ബ് എഫ്.എമ്മിന്റെ തിരുവനന്തപുരം നിലയം സീനിയര്‍ പ്രോഗ്രാം ഹെഡ് മനോജ് ഭാരതി പഠനോപകരങ്ങള്‍ വിതരണം ചെയ്തു. കരുണാലയത്തിനുവേണ്ടി സിസ്റ്റര്‍ ലൗലി, മീര ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി ജമീല രാജഗോപാല്‍, കരവാളൂര്‍ എല്‍.പി.സ്‌കൂളിന് വേണ്ടി ഗീത എന്നിവര്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ് (സീഡ്) പദ്ധതിയുടെ ഇക്കൊല്ലത്തെ പ്രവര്‍ത്തനോദ്ഘാടനവും ചടങ്ങില്‍ നടന്നു.
ക്ലബ്ബ് എഫ്.എമ്മിന്റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ എം.പ്രസൂണ്‍, പി.ടി.എ. പ്രസിഡന്റ് സന്തോഷ് ഡി, സ്റ്റാഫ് സെക്രട്ടറി സാംജോണ്‍, സീഡ് പദ്ധതിയുടെ പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക സുജാ ജോര്‍ജ് സ്വാഗതവും സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആന്‍സി. എം.അച്ചന്‍കുഞ്ഞ് നന്ദിയും പറഞ്ഞു.