കീടനാശിനി ഉപയോഗിക്കാത്ത പച്ചക്കറിക്കൃഷിയുമായി സീഡ് ക്ലബ് വിദ്യാര്‍ഥികള്‍

Posted By : klmadmin On 22nd October 2014


 

 
പത്തനാപുരം: രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിക്കാതെ സ്‌കൂള്‍ അങ്കണത്തില്‍ മാതൃഭൂമി സീഡ് ക്ലൂബ് വിദ്യാര്‍ഥികളുടെ പച്ചക്കറിക്കൃഷി വിജയത്തിലേക്ക്. തലവൂര്‍ സി.വി.വി.എച്ച്.എസ്. സ്‌കൂളിലാണ് മത്തയും ചീരയും മുളകും പാവലും പയറും വെണ്ടയുമെല്ലാം സമൃദ്ധമായി വളരുന്നത്. ചാക്കുകളില്‍ മണ്ണും ചാണകപ്പൊടിയും ചാരവും നിറച്ചായിരുന്നു കൃഷി. 
പച്ചക്കറിവിത്തുകള്‍ കൃഷിഭവന്‍വഴി ലഭ്യമാക്കി. ജൈവവളം കുട്ടികള്‍ വീടുകളില്‍നിന്ന് എത്തിച്ചു. ജൈവകീടനാശിനികളും ജൈവമാര്‍ഗങ്ങളും ഉപയോഗിച്ചുള്ള കീടനിയന്ത്രണം നടപ്പാക്കി. വിദ്യാര്‍ഥികളുടെ പരിചരണം കൂടിയായതോടെ പച്ചക്കറികള്‍ തഴച്ചുവളരുകയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷമുണ്ടാകാത്ത തരത്തിലുള്ള കൃഷിരീതിയുടെ പ്രചാരണമാണ് സീഡ് ക്ലബ് അംഗങ്ങളുടെ ലക്ഷ്യം. പ്രിന്‍സിപ്പല്‍ പ്രേമലത, സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ ഭാനുപ്രസാദ്, മാനേജര്‍ പി.കെ.മോഹനന്‍ പിള്ള, പി.ടി.എ. പ്രസിഡന്റ് സജികുമാര്‍ എന്നിവരും വിദ്യാര്‍ഥികളെ സഹായിക്കുന്നുണ്ട്.