നെല്‍ക്കൃഷിയില്‍ വിജയഗാഥയുമായി ഭീമനാടിന്റെ കുട്ടികള്‍

Posted By : pkdadmin On 18th October 2014


 ഭീമനാട്: നെല്പാടങ്ങള്‍ വ്യാപാരസമുച്ചയങ്ങള്‍ക്കും നാണ്യവിളകള്‍ക്കും വഴിമാറുന്ന കാലഘട്ടത്തില്‍ നെല്‍ക്കൃഷി മാത്രമാണ് മലയാളിക്ക് പഥ്യം എന്ന സന്ദേശവുമായി ഭീമനാട് ഗവ. യു.പി. സ്‌കൂളിലെ കുട്ടിക്കര്‍ഷകര്‍ രണ്ടാംവര്‍ഷവും കൃഷിയിറക്കി. മാതൃഭൂമി സീഡ് ക്ലൂബ്ബിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാലയത്തിനടുത്ത് ഇട്ടിലാകുളം ഭാഗത്തുള്ള മുടവക്കാട്ട് 35 സെന്റ് സ്ഥലത്ത് കുട്ടിക്കര്‍ഷകര്‍ കൃഷിയിറക്കിയത്. 
വിദ്യാലയത്തിനടുത്തുള്ള ഇറശ്ശേരി രാധാകൃഷ്ണന്‍ നായരാണ് സൗജന്യമായി സ്ഥലം നല്‍കിയത്. പൂര്‍വവിദ്യാര്‍ഥി പുന്നക്കാംതൊടി ജയന്‍ നിലം ഉഴുതുനല്‍കി. ആവശ്യത്തിന് ഞാറും നല്‍കി. മൂന്ന് മാസംകൊണ്ട് വിളവെടുക്കാവുന്ന ഐശ്വര്യ വിത്തിന്റെ ഞാറുകളാണ് നട്ടത്.
സരോജിനി, അക്കമ്മ, അമ്മിണി എന്നീ കര്‍ഷകത്തൊഴിലാളികളുടെ സംഘം ഞാറുകള്‍ നടുന്നതിനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കി.
ഗ്രാമപ്പഞ്ചായത്തംഗം അച്ചിപ്ര സൈതലവി, പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണന്‍, പി.ടി.എ. പ്രസിഡന്റ് കെ. അബ്ദുള്‍ഖാദര്‍. വൈസ് പ്രസിഡന്റ് എന്‍. അഷറഫ് ഹാജി, എസ്.എം.സി. ചെയര്‍മാന്‍ കെ. സന്തോഷ് ബാബു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി. മിനി, കെ. വിജയകൃഷ്ണന്‍, പി. ശ്രീലത, എം. സബിത, പി. സിന്ധു, വിദ്യാര്‍ഥികളായ കെ. നവീന്‍, എം. ഹിബ, ആര്‍. കൃപ എന്നിവര്‍ നേതൃത്വം നല്‍കി.
ഒന്നാംഘട്ടപച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. രണ്ടാംഘട്ട പച്ചക്കറിയിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയത്തിലെ കുട്ടിക്കര്‍ഷകരുടെ കൂട്ടായ്മ.