നാലുകണ്ടം യു.പി. സ്‌കൂളില്‍ മൈ ട്രീ ചലഞ്ച്‌

Posted By : pkdadmin On 18th October 2014


എടത്തനാട്ടുകര: വിദ്യാര്‍ഥികളിലെ പരിസ്ഥിതിസംരക്ഷണ മനോഭാവം മുന്‍നിര്‍ത്തി മാതൃഭൂമി സീഡ് നടപ്പാക്കുന്ന മൈ ട്രീ ചലഞ്ചിന് എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ. യു.പി. സ്‌കൂളില്‍ തുടക്കമായി. 
പരിപാടി അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുത്തംകോട്ട് ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. ഷാനിര്‍ ബാബു പദ്ധതി വിശദീകരിച്ചു. പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ക്കാന്‍ എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ. യു.പി. സ്‌കൂള്‍ ചലഞ്ച് ചെയ്തത് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ ചളവ ഗവ. യു.പി. സ്‌കൂള്‍, പയ്യനെടം എ.യു.പി. സ്‌കൂള്‍, തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ എന്നിവയെയാണ്.
സീഡ് ക്ലബ്ബിനെ പ്രതിനിധാനം ചെയ്ത് സീഡ് പ്രവര്‍ത്തകര്‍ കൈമാറിയ മൂന്ന് വൃക്ഷത്തൈകള്‍ പി.ടി.എ. പ്രസിഡന്റ് ടി.കെ. അബ്ദുള്‍ സലാം, പി.ടി.എ. വൈസ് പ്രസിഡന്റ് സി. സക്കീര്‍, പ്രധാനാധ്യാപകന്‍ കെ.കെ. അബൂബക്കര്‍ എന്നിവര്‍ വിദ്യാലയാങ്കണത്തില്‍ നട്ടു. സീഡ് ക്ലബ്ബ് അംഗങ്ങളാണ് തൈകളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നത്.
പരിപാടിയില്‍ പ്രധാനാധ്യാപകന്‍ കെ.കെ. അബൂബക്കര്‍, പി. അബ്ദുള്‍ ബഷീര്‍, വി. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.