പരിസ്ഥിതിസംരക്ഷണം സാമൂഹിക പ്രതിബദ്ധതയായി മാറണം-എസ്.ജയമോഹന്‍

Posted By : klmadmin On 26th July 2013


പരിസ്ഥിതിസംരക്ഷണം സാമൂഹിക പ്രതിബദ്ധതയായി മാറണമെന്നും പുതുതലമുറയില്‍ പ്രകൃതിസ്‌നേഹം നിറയ്ക്കാന്‍ മാതൃഭൂമി സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ എണ്ണൂറോളം കുളങ്ങളുള്ളതില്‍ ക്ഷേത്രച്ചിറകളായ 133 എണ്ണം മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. കാരണം വിശ്വാസവുമായി ഇഴചേര്‍ന്ന സാമൂഹിക പ്രതിബദ്ധതയാണ്. ഏലാക്കുളങ്ങളോടും പൊതു ചിറകളോടും ഇതേ പ്രതിബദ്ധത സമൂഹത്തിനുണ്ടായാല്‍ കുടിവെള്ളക്ഷാമം നാട്ടിലുണ്ടാകില്ല. കര്‍ഷകരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്‍ഷിക സംസ്‌കാരമാണ് വേണ്ടത്. 70 ശതമാനം കര്‍ഷകത്തൊഴിലാളികളുള്ള ഇന്ത്യയില്‍ ഒരു കാര്‍ഷിക ബജറ്റില്ല. മറ്റ് ജോലികളെക്കാളെല്ലാം മഹത്വം കാര്‍ഷിക ജോലികള്‍ക്കുണ്ട് എന്ന് തിരിച്ചറിയണം. മറ്റുള്ളിടങ്ങളില്‍ ആദരപൂര്‍വം കര്‍ഷകന് സലാം നല്‍കുമ്പോള്‍ നമ്മുടെ നാട്ടില്‍ വയലില്‍ ജോലിയെടുക്കുന്നവരെ പുച്ഛത്തോടെയാണ് കാണുന്നത്. നാട്ടില്‍ മാത്രമല്ല കാട്ടിലും സസ്യസമ്പത്ത് കുറയുകയാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാലാണ് വന്യമൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലേക്കിറങ്ങുന്നത്. വനങ്ങളിലെ നീരുറവകളും സംരക്ഷിക്കപ്പെടണം. ഭൂമിയുടെ സ്വാഭാവിക കയറ്റിറക്കങ്ങള്‍ ജെ.സി.ബി.കളും വസ്തുഉടമകളും കൂടി മാറ്റിമറിക്കുകയാണ്. ഇത് വലിയ പരിസ്ഥിതി ആഘാതത്തിന് കാരണമാകും. പരിസ്ഥിതിദിനങ്ങളില്‍ നടുന്ന വൃക്ഷത്തൈകള്‍ പരിപാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. അഞ്ച് മരങ്ങളെങ്കിലും നട്ടുവളര്‍ത്തിയാലേ പുതിയ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നമ്പര്‍ നല്‍കാവൂ എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ അഭിപ്രായം. ഇതുസംബന്ധിച്ച നിയമനിര്‍മാണത്തിനായി ശ്രമിക്കാമെന്ന് മന്ത്രിയും പറഞ്ഞിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണം പൊതുബോധമായി മാറുന്ന നല്ല നാളെകള്‍ക്കായി സീഡിനൊപ്പം ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുമെന്ന് എസ്.ജയമോഹന്‍ പറഞ്ഞു.
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്റെ അധ്യക്ഷതയില്‍ ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പി.എം.തോമസ്‌കുട്ടി, ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം അധ്യാപകന്‍ ദിലീപ്കുമാര്‍, അധ്യാപക സംഘടനാ പ്രതിനിധികളായ പി.കുട്ടപ്പന്‍ പിള്ള (കെ.എസ്.ടി.എ.), കെ.ഒ.രാജുക്കുട്ടി (ജി.എസ്.ടി.യു), കെ.എസ്.ഷിജുകുമാര്‍ (എ.കെ.എസ്.ടി.യു.), പി.എ.സജിമോന്‍ (കെ.പി.എസ്.ടി.യു.), റെജി മത്തായി (എച്ച്.എസ്.എസ്.ടി.എ.) എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി പ്രത്യേകലേഖകന്‍ സി.ഇ.വാസുദേവ ശര്‍മ്മ സ്വാഗതവും യൂണിറ്റ് മാനേജര്‍ വി.പി.കൃഷ്ണരാജ് നന്ദിയും പറഞ്ഞു. സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ കെ.വി.ശ്രീകുമാര്‍ പദ്ധതി വിശദീകരിച്ചു. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് മാതൃഭൂമി സീഡ് പദ്ധതി നടപ്പാക്കുന്നത്.