കുപ്പപ്പുറം ഗവ. ഹൈസ്‌കൂളിന് അംഗീകാരത്തിളക്കം

Posted By : Seed SPOC, Alappuzha On 15th October 2014


 

 
 
കുപ്പപ്പുറം ഗവ. ഹൈസ്‌കൂളിലെ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തില് 
ഗാന്ധിജയന്തി ദിനത്തില് സ്മൃതിമരം നടുന്നു
കെ.ജെ. സ്റ്റാലിന്
കൈനകരി: പരിസ്ഥിതി പ്രവര്ത്തനങ്ങള്‌ക്കൊപ്പം കുട്ടനാടന് പ്രശ്‌നങ്ങളിലും ഇടപെട്ട കൈനകരി കുപ്പപ്പുറം ഗവ. ഹൈസ്‌കൂളിന് അംഗീകാരത്തിളക്കം. മാതൃഭൂമി സീഡ് പ്രവര്ത്തനങ്ങളില് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില് ഹരിതവിദ്യാലയമായി പുരസ്‌കാരം നേടിയത് കുപ്പപ്പുറം ഗവ. ഹൈസ്‌കൂളാണ്. ഒപ്പം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര് കോഓര്ഡിനേറ്ററായി സ്‌കൂളിലെ സീഡ് കോഓര്ഡിനേറ്റര് കെ.ജെ. സ്റ്റാലിന് തിരഞ്ഞെടുക്കപ്പെട്ടു. 
കായല് മലിനീകരണത്തിനെതിരെ ബോധവത്ക്കരണം നടത്തിയാണ് പ്രവര്ത്തനങ്ങള്ക്ക് തുടക്കംകുറിച്ചത്. അശാസ്ത്രീയമായ കീടനാശിനി ഉപയോഗംമൂലം ജലജീവജാലങ്ങളുടെ വംശനാശം സംബന്ധിച്ച് പഠനം, കാര്ഷിക പ്രവര്ത്തനങ്ങള്, മലിനീകരണ നിവാരണ പരിപാടികള്, ഹൗസ്‌ബോട്ട് വ്യവസായവുമായി ബന്ധപ്പെട്ട് മലിനീകരണങ്ങള്‌ക്കെതിരെ ക്രിയാത്മകമായ ഇടപെടല്, പ്ലാസ്റ്റിക്മാലിന്യ നിര്മ്മാര്ജ്ജനം, വിദ്യാഭ്യാസ അവകാശം, കുട്ടികള്‌ക്കെതിരെയുള്ള അതിക്രമങ്ങള് എന്നിവയ്‌ക്കെതിരെ ബോധവത്കരണം, സീഡ് പോലീസ് പ്രവര്ത്തനം, പരിസ്ഥിതി ദിനാചരണങ്ങള് സംഘടിപ്പിക്കല്, മാലിന്യമുക്ത കുട്ടനാട് എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണം, ജലാശയങ്ങളില് അറവുമാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധസമരം തുടങ്ങിയ പ്രവര്ത്തനങ്ങളില് ക്ലബ്ബ് അംഗങ്ങള് മാതൃകാപരമായ സാന്നിധ്യമായിരുന്നു. സഹപാഠികളുടെ കാന്‌സര് രോഗിയായ അച്ഛന്റെ ചികിത്സയ്ക്കായി പതിനായിരം രൂപ സമാഹരിച്ച് നല്കാനും സീഡ് ക്ലബ്ബിന് കഴിഞ്ഞു. കുപ്പപ്പുറത്ത് കണ്ടല് നഴ്‌സറി ആരംഭിക്കുന്ന പ്രവര്ത്തനങ്ങളുമായി സ്‌കൂളിലെ സീഡ് ക്ലബ്ബ് മുന്നേറുകയാണ്. 
സീഡ് കോഓര്ഡിനേറ്റര് കെ.ജെ. സ്റ്റാലിനൊപ്പം അധ്യാപകരും പി.ടി.എ.യും പദ്ധതി പ്രവര്ത്തനങ്ങളില് സജീവമാണ്. ഹെഡ്മാസ്റ്റര് ചന്ദ്രന്, അധ്യാപകരായ രതീഷ് കുമാര്, റോബര്ട്ട്, ജാന്‌സി ബിയാട്രീസ്, വെങ്കിടേശ്വര ആചാര്യര്, പി.ടി.എ. പ്രസിഡന്റ് ആര്. വിശാകന് എന്നിവര് പ്രവര്ത്തനങ്ങള്ക്ക് ശക്തമായ പിന്തുണയായിരുന്നു. 
പുതിയ വര്ഷത്തിലും പ്രവര്ത്തനവിജയം ആവര്ത്തിക്കാനുള്ള പരിശ്രമങ്ങള് സീഡ്ക്ലബ്ബ് തുടങ്ങിയെങ്കിലും തുടര്ച്ചയായുണ്ടായ വെള്ളപ്പൊക്കം ഉദ്യാനം, കൃഷിയിടം എന്നിവിടങ്ങളില് സമ്പൂര്ണ നാശംവിതച്ചു. വെള്ളത്തിന്റെ ശല്യം കുറഞ്ഞതോടെ പ്രവര്ത്തനവിജയം ആവര്ത്തിക്കാനുള്ള തീവ്രപരിശ്രമങ്ങള് സ്‌കൂളില് തുടങ്ങിക്കഴിഞ്ഞു.