ഗാസയിലെ ദുരിതങ്ങള്‍ ഓര്‍മിപ്പിച്ച് യുദ്ധവിരുദ്ധറാലി

Posted By : pkdadmin On 11th October 2014


 കൂറ്റനാട്: ഇസ്രായേലിന്റെ വെറിയില്‍ ജീവന്‍ പൊലിഞ്ഞ ഗാസയിലെ നിഷ്‌കളങ്കബാല്യങ്ങള്‍ക്ക് അകലെയുള്ള കൂട്ടുകാരുടെ ശ്രദ്ധാഞ്ജലി.
ആലൂര്‍ എ.എം.യു.പി. സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് യുദ്ധക്കെടുതിയുടെ ഉണങ്ങാത്ത മുറിവുകള്‍ ഓര്‍മപ്പെടുത്തുന്ന ഹിരോഷിമാദിനത്തില്‍ ഗാസയുടെ ദുരന്തചിത്രങ്ങളുമായി ഗ്രാമപാതയിലിറങ്ങിയത്.
യുദ്ധഭീകരത തുറന്നുകാട്ടുന്ന ചിത്രങ്ങള്‍കൊണ്ട് കുട്ടികള്‍ കൊളാഷുകള്‍ തീര്‍ത്തിരുന്നു. കൈകളിലേന്തിയ പ്ലക്കാര്‍ഡുകളില്‍ കണ്ണീരുണങ്ങാത്ത ഗാസയുടെ സ്മൃതികളും പങ്കുവെച്ചു. ഇസ്രായേലിനെതിരെ ഇളംമനസ്സിന്റെ രോഷവും റാലിയില്‍ പ്രകടമായി.
പ്രത്യേക അസംബ്ലിക്കുശേഷം സ്‌കൂള്‍ മാനേജര്‍ ലളിത ഉദ്ഘാടനം ചെയ്ത യുദ്ധവിരുദ്ധറാലിയെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങല തീര്‍ത്തു.
പി.ടി.എ. പ്രസിഡന്റ് എ.വി. മണികണ്ഠന്‍ മുഖ്യാതിഥിയായി. അധ്യാപകരായ കെ. ഉണ്ണിക്കൃഷ്ണന്‍, എ. രശ്മി, സി.വി. ഖമറുന്നീസ, എ. ഷീന, എം.ആര്‍. റിനു, പി.ടി. സുബൈദ എന്നിവര്‍ യുദ്ധവിരുദ്ധസന്ദേശം നല്‍കി.