സീഡ് ഊര്‍ജമായി, ദോഹ ഭവന്‍സ് സ്‌കൂള്‍ മണലാരണ്യത്തെ ഹരിതാഭമാക്കി

Posted By : klmadmin On 25th July 2013


പരവൂര്‍: കത്തുന്ന വെയിലിലും പൊള്ളുന്ന ചൂടിലും തളരാതെ കൂട്ടായ്മയോടെ മണലാരണ്യത്തിലും പച്ചപ്പിന്റെ കൂടാരം. ഇത് തീര്‍ത്ത ദോഹയിലെ ഭവന്‍സ് പബ്ലിക് സ്‌കൂളിലെ കുട്ടികളും മനസ്സില്‍ പ്രതീക്ഷയുടെ നാമ്പുവിടര്‍ത്തി പാടുന്നത് മാതൃഭൂമി 'സീഡ്' പദ്ധതിയുടെ വിജയഗാഥ.
പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്രീയ സ്‌കൂളുകളെപ്പോലും പിന്നിലാക്കി 2012-13ല്‍ യുനെസ്‌കോയും ദോഹ ബാങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയ എക്കോ സ്‌കൂള്‍ അവാര്‍ഡ് ഭവന്‍സ് സ്‌കൂളാണ് നേടിയത്. മണലാരണ്യത്തിലൊരുക്കിയ പച്ചക്കറിത്തോട്ടത്തിന് 'ഗ്രീന്‍ സ്റ്റാര്‍' അവാര്‍ഡും വെയ്സ്റ്റ്‌വാട്ടര്‍ മാനേജ്‌മെന്റ് പദ്ധതിക്ക് ദോഹ ബാങ്കിന്റെ 'ബ്ലൂസ്റ്റാര്‍' അവാര്‍ഡും ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ വിജയകിരീടത്തില്‍ അഭിമാനത്തിന്റെ പൊന്‍തൂവലുകളായി കുട്ടികള്‍ തുന്നിച്ചേര്‍ത്തു.
മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കമിട്ടകാലത്ത് കൊല്ലം ജില്ലയിലെ കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്ന ഡോ. ജി.മനുലാല്‍ കുരുന്നുകളുടെ മനസ്സിലേക്ക് പടര്‍ത്തിയ പ്രകൃതിസ്‌നേഹം പൂവണിഞ്ഞത് ഹരിതവിദ്യാലയ അവാര്‍ഡായിട്ടായിരുന്നു.
പിന്നീട് ഖത്തറിലുള്ള ദോഹാ ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ അമരക്കാരനായപ്പോഴും അദ്ദേഹത്തിന്റെ പ്രകൃതിസ്‌നേഹത്തിന് കുറവുണ്ടായില്ല. മാതൃഭൂമിയുടെ സീഡ് പദ്ധതിയില്‍നിന്നുള്ള ആവേശം കൈമുതലാക്കി ഭവന്‍സ് സ്‌കൂളിന്റെ വളപ്പിനെയും പച്ചപുതപ്പിക്കാനായി പിന്നത്തെ ശ്രമം. 2011ല്‍ മണലാരണ്യത്തിലെ സ്‌കൂള്‍ വളപ്പില്‍ കുട്ടികളുമായി കൈകോര്‍ത്ത് നിര്‍മിച്ച തോട്ടത്തില്‍നിന്ന് ആവര്‍ഷംതന്നെ വിവിധ ഇനങ്ങളിലായി 270 കിലോഗ്രാം പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ച് പോളിത്തിന്‍ കവറുകളില്‍ പച്ചക്കറികള്‍ നട്ട് പരിപാലിച്ചത് സ്‌കൂളിലെ 5 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളും. അതും ലോകത്തെ ഇരുപതോളം രാജ്യങ്ങളിലെ കുട്ടികളായത് അപൂര്‍വ്വത.
ബീന്‍സ്, വെണ്ട, വഴുതന, തക്കാളി, പയര്‍, പാവല്‍, ചുരയ്ക്ക, പടവലം, മുളകുകള്‍ എന്നിവയ്‌ക്കൊപ്പം മത്തനും തണ്ണിമത്തനും സ്‌കൂള്‍ വളപ്പുകളില്‍ തലനീട്ടി പടര്‍ന്നപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവേശമായി. കേരളത്തില്‍ വിളയുന്നതെല്ലാം ഈ മണലാരണ്യത്തിലും വിളയിക്കാനാകുമെന്ന് തെളിയിച്ച കുട്ടികള്‍ക്ക് കാലാവസ്ഥയ്ക്ക് അനുസൃതമായ കൃഷികളെയും രീതികളെയും പരിചയിപ്പിച്ചത് സ്‌കൂള്‍ ജീവനക്കാരനായ പാലക്കാട്ട് സ്വദേശി മുസ്തഫയാണ്. കൊടുംചൂടില്‍ ഉരുകിത്തിളയ്ക്കുന്ന മരുഭൂമിയിലെ സ്‌കൂളിലെ എയര്‍ കണ്ടീഷണറുകുളടെ ഔട്ട്‌ലെറ്റിലൂടെ പുറത്തേക്ക് വരുന്ന വെള്ളം ബക്കറ്റുകള്‍ വച്ച് അതില്‍ ശേഖരിച്ചാണ് കുട്ടികള്‍ പച്ചക്കറിച്ചെടിയുടെ തടങ്ങള്‍ നനച്ചിരുന്നത്.
കുട്ടികള്‍ ഉപയോഗിച്ചശേഷം മിച്ചം വരുന്ന ആഹാരസാധനങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ കടലാസും പച്ചിലകളും ശേഖരിച്ച് കരി, ചിരട്ട, മണല്‍ എന്നിവ ഇട്ട് തട്ടുകളായി വന്‍ ബാരലുകളില്‍ നിറച്ച് നിര്‍മ്മിക്കുന്ന ജൈവ കമ്പോസ്റ്റ് വളമാണ് പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്നത്.
നേരത്തെ ഐശ്വര്യ പബ്ലിക് സ്‌കൂളിനെ ഹരിതവിദ്യാലയ പദവിയിലേക്കെത്തിക്കാനുള്ള കഠിനപരിശ്രമത്തിലൂടെ ജില്ലയിലെതന്നെ ഏറ്റവും നല്ല സീഡ് കോ-ഓര്‍ഡിനേറ്ററുടെ പുരസ്‌കാരജേതാവായി മാറിയ ജി.എസ്.ഷൈന എന്ന അധ്യാപികകൂടി ഇപ്പോള്‍ ദോഹ ഭവന്‍സ് സ്‌കൂളിലെ അക്കാദമിക് കോ-ഓര്‍ഡിനേറ്ററായി എത്തിയതോടെ ഈ വിദ്യാലയത്തിന്റെ ഹരിതമുഖത്തിന് വീണ്ടും പച്ചപ്പ് കൂടുകയാണ്. അഡ്വ. സി.കെ.മേനോന്‍ ചെയര്‍മാനും ആര്‍.ഒ.അബ്ദുള്‍ ഖാദര്‍ വൈസ് ചെയര്‍മാനും സലിം പൊന്നാമ്പത്ത് പ്രസിഡന്റും എ.ഡി.മണികണ്ഠന്‍ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്ന ദോഹ ഭവന്‍സ് സ്‌കൂള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. ഒപ്പം മാതൃഭൂമിയുടെ സീഡ് പദ്ധതിയില്‍നിന്ന് ആവാഹിച്ചെടുത്ത ആവേശം ഒരു പച്ചപ്പുതപ്പാക്കി മണലാരണ്യത്തെ പുതപ്പിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് .