'മൈ ട്രീ ചലഞ്ച്' ബോളിവുഡിലേക്ക്
ആലപ്പുഴ: മരം നട്ട്, മരം നടാന് വെല്ലുവിളിച്ച് ബോളിവുഡ് താരസുന്ദരി ബിപാഷ ബസുവും. 'മാതൃഭൂമി സീഡ്' പദ്ധതിക്കായി മരം നട്ടുകൊണ്ടാണ് മെഗാസ്റ്റാര് മമ്മൂട്ടി തുടക്കമിട്ട 'മൈ ട്രീ ചലഞ്ച്' ബിപാഷ ഏറ്റെടുത്തത്.
മരം നടുന്നതിനായി ബോളിവുഡ് നടന് ഋത്വിക് റോഷന്, സൂപ്പര് സ്റ്റാര് മോഹന്‌ലാല് എന്നിവരെ ബിപാഷ വെല്ലുവിളിച്ചു. പിന്നീട് താന് പഠിച്ച കൊല്‍ക്കൊത്ത ഭാരതീയ വിദ്യാഭവനിലെ വിദ്യാര്ഥികളെയും ഈ വെല്ലുവിളിയില് പങ്കാളികളാകാന് ക്ഷണിച്ചു.
ആലപ്പുഴ മുഹമ്മ കോവിലകം റിസോര്ട്ടില് മാവിന്തൈ നട്ടുകൊണ്ടാണ് ബിപാഷ വെല്ലുവിളിയില് പങ്കാളിയായത്. ആലപ്പുഴയില് ഷൂട്ടിങ് പുരോഗമിക്കുന്ന ബോളിവുഡ് സിനിമ 'എലോണ്'ലെ നായികയാണ് ബിപാഷ. കോവിലകം റിസോര്ട്ടില് ഗാന ചിത്രീകരണത്തിനിടെയാണ് 'മാതൃഭൂമി സീഡ്'പദ്ധതിയുടെ ഭാഗമായി മരം നടുന്നതിന് ബിപാഷ തയ്യാറായത്. ആര്യക്കര എ.ബി.വിലാസം സ്‌കൂള് സീഡ് ക്ലബ്ബിലെ വിദ്യാര്ഥികള്‌ക്കൊപ്പമാണ് ബിപാഷ വൃക്ഷത്തൈ നട്ടത്.
ബിപാഷ മാവിന്തൈ നട്ട് വെള്ളം പകരുന്നതിന് സാക്ഷിയാവാന് സിനിമയുടെ സംവിധായകന് ഭൂഷന് പട്ടേലും നായകനായി അഭിനയിക്കുന്ന കരണ് സിങ്ങും എത്തിയിരുന്നു. 'മലയാള സിനിമയില് അഭിനയിക്കുന്നതിന് താത്പര്യമുണ്ട്. എന്റെ സഹോദരീ ഭര്ത്താവ് ഗോപകുമാര്‍ പണിക്കര്‍ കോട്ടയത്തുകാരനായതിനാല്‍ ഇപ്പോള് കേരളവുമായി എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്, മലയാള ഭാഷ വഴങ്ങില്ല' ബിപാഷ പറഞ്ഞു. താന് നട്ട മാവിന്തൈ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൂട്ടിങ് തിരക്കുകളിലേക്ക് ബിപാഷ മടങ്ങിയത്.
സിനിമയുടെ പ്രൊഡക്ഷന് എക്‌സിക്യൂട്ടീവ് എ. കബീര്, ആര്യക്കര എ.ബി.വിലാസം സ്‌കൂള് സീഡ് ടീച്ചര് കോഓര്‍ഡിനേറ്റര് കെ.സിമി, സീഡ് പ്രതിനിധികളായ എസ്.ജോണ്, പി.അച്ചു, അനുവിന്ദ, മീര എന്നിവരും മാതൃഭൂമി പ്രതിനിധികളും ചടങ്ങില് പങ്കെടുത്തു.