ക്ഷേത്രവളപ്പില്‍ ഔഷധത്തോട്ടം ഒരുക്കി സീഡ് ക്ലബ്ബംഗങ്ങള്‍

Posted By : knradmin On 27th September 2014


 

 
 
കൂത്തുപറമ്പ്:  അന്യംനിന്നുപോകുന്ന ഔഷധസസ്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ ഔഷധത്തോട്ടം വെച്ചുപിടിപ്പിക്കുന്നതിന് തുടക്കംകുറിച്ചു. 
വേങ്ങാട് സാന്ത്വനത്തിന്റെ സഹകരണത്തോടെ പിണറായി കിഴക്കുംഭാഗം വലിയാണ്ടി ക്ഷേത്രവളപ്പിലാണ് ഔഷധത്തോട്ടം നിര്‍മിക്കുന്നത്. സീഡ്ക്ലബംഗങ്ങള്‍ സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഔഷധച്ചെടികളാണ് കാവുകളില്‍ വെച്ചുപിടിപ്പിച്ചത്.
അപൂര്‍വ ഔഷധച്ചെടികളായ ചെറുപുന്ന, കരിനൊച്ചി, കടമ്പ്, ആടലോടകം, മുട്ടിപ്പഴം, വഹിനി, ചിരപ്പാല, കരിമരം, നീര്‍മരുത്, ഉങ്ങ്, പൊങ്ങ്, നാഗവെറ്റില, കുറുതാളി, കൂവളം, വലിയാനച്ചുവടി, വേപ്പ്, കുടമ്പുളി, ആര്യവേപ്പ്, ആരോഗ്യപ്പച്ച, വയമ്പ്, അത്തി, നീലഅമരി, താന്നി തുടങ്ങി നൂറോളം ഔഷധച്ചെടികളാണ് നട്ടത്.
നാട്ടുകാരുടെയും,ക്ഷേത്രകമ്മിറ്റിക്കാരുടെയും സാന്നിധ്യത്തില്‍ പിണറായി കൃഷി ഓഫീസര്‍ ഇ.കെ.അജിമോള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പിണറായി സര്‍വീസ്  ബാങ്ക് പ്രസിഡന്റ് സുമജന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ധര്‍മരാജന്‍, ഒ.സി.മോഹന്‍രാജ്, പ്രദീപന്‍ തൈക്കണ്ടി, വി.വി.ദിവാകരന്‍, സനോജ് നെല്ല്യാടന്‍, സീഡ്ക്ലബ്ബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് ക്ലബ്ബംഗങ്ങളായ സ്വീറ്റി സുന്ദര്‍, വര്‍ണാ രാജ്, ആര്‍ഷ, പി.അനഘ, കെ.ജീഷ്മ കൃഷ്ണന്‍, എന്‍.അമൃത, എന്‍.അപര്‍ണ, പി.ജീഷ്ണ, ടി.പി.അസറുദ്ദീന്‍, ജിബിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.