'സീഡ് 'അഞ്ചാം വര്‍ഷത്തിലേക്ക്; പ്രകൃതിക്ക് കാവലായ് കുട്ടികളുടെ കൂട്ടായ്മ

Posted By : admin On 14th June 2013


ലോക പരിസ്ഥിതിദിനത്തില്‍ പ്രകൃ തിയമ്മയ്ക്ക് വന്ദനം. നാടിന്റെ ഹരിതസമൃദ്ധി തിരികെക്കൊണ്ടുവരാന്‍ പ്രാര്‍ഥനയോടെ യത്‌നിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റ മനസ്സോടെ വീണ്ടും കര്‍മപഥത്തില്‍... അങ്ങനെ 'മാതൃഭൂമി സീഡ്' അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലും തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ടും ഭക്ഷ്യസാധനങ്ങള്‍ പാഴാക്കാതിരിക്കാന്‍ പ്രതിജ്ഞയെടുത്തുകൊണ്ടുമാണ് 'സീഡി'ന്റെ അഞ്ചാം വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുക, ജലം സംരക്ഷിക്കുക എന്നീ കാര്യങ്ങളില്‍ ഈ വര്‍ഷം പ്രത്യേക പരിഗണന നല്‍കും. സവിശേഷമായൊരു വിദ്യാലയാന്തരീക്ഷമാണ് കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് മാതൃഭൂമി സീഡ് (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയേണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) സൃഷ്ടിച്ചത്. പഠനത്തോടൊപ്പം പ്രകൃതിയെ അറിയാനും ആദരിക്കാനും കുട്ടികളെ സീഡ് പ്രാപ്തരാക്കി. കൃഷിയുടെയും ജലസംരക്ഷണത്തിന്റെയും ഊര്‍ജ സംരക്ഷണത്തിന്റെയുമൊക്കെ പ്രാധാന്യം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഈ സംരംഭത്തിനായി. ലവ് പ്ലാസ്റ്റിക്, എന്റെ തെങ്ങ്, പരിസ്ഥിതി ക്വിസ്, ലിറ്റില്‍ ഫ്രെയിം ഹ്രസ്വചിത്രമത്സരം, സീസണ്‍ വാച്ച് തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞ അധ്യയനവര്‍ഷം 'സീഡ്' സജീവമായിരുന്നു. 'സീഡ്' പ്രവര്‍ത്തനങ്ങള്‍ വിജയകരമായ അഞ്ചാംവര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ നന്മയുടെ ഈ കൂട്ടായ്മയില്‍ യത്‌നിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്ദി. സമൂഹനന്മയ്ക്കായി നമുക്ക് ഒരുമയോടെ മുന്നേറാം...