പുത്തൂര്: പൂവറ്റൂര് ഗ്രാമത്തെ സമ്പൂര്ണ ജൈവകാര്ഷിക ഗ്രാമമാക്കാന് വിദ്യാര്ഥിക്കൂട്ടായ്മ. പൂവറ്റൂര് ഡി.വി.എന്.എസ്.എസ്.എച്ച്.എസ്സിലെ സീഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാര്ഥികള് മണ്ണിനെ തൊട്ടറിയുന്ന കാര്ഷിക സംസ്‌കാരത്തിന്റെ സന്ദേശവാഹകരാകുന്നത്. 'കൃഷിക്കൂട്ടം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം സ്‌കൂളില് നടന്ന ചടങ്ങില് കുളക്കട കൃഷി ഓഫീസര് പുഷ്പാ ജോസഫ് നിര്വഹിച്ചു. ജൈവകാര്ഷികരീതിയെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാര്ഥിയത്‌നത്തിന് കൃഷിവകുപ്പിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് കൃഷി ഓഫീസര് പറഞ്ഞു. സ്‌കൂള് പ്രിന്‌സിപ്പല് വി.രാജീവ് കുമാര് അധ്യക്ഷനായി. മൈലം കൃഷി അസിസ്റ്റന്റ് ഓഫീസര് തുളസീധരന് പിള്ള ജൈവകൃഷിരീതിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സെടുത്തു. സ്‌കൂള് വളപ്പിലെ ജൈവകൃഷിത്തോട്ടം, പച്ചക്കറി വിത്തുവിതരണം എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില് നടന്നു. സീഡ് കോഓര്ഡിനേറ്റര് പ്രീത, എന്.എസ്.എസ്. പ്രോഗ്രാം ഓഫീസര് സുരേഷ് എന്നിവര് സംസാരിച്ചു. സ്‌കൂളിലെ നാഷണല് സര്വീസ് സ്‌കീമിന്റെ കൂടി സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാര്ഥികള് ഗ്രാമത്തിലെ മുഴുവന് വീടുകളും സന്ദര്ശിച്ച് ജൈവകാര്ഷിക ബോധവത്കരണം നടത്തും.